Top Stories

Grid List

കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യ ഹർജിയിൽ ഇളവ് തേടിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി കോടതി വീണ്ടും തള്ളി. മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
 
ജാമ്യ വ്യവസ്ഥയില്‍ ഇളവില്ലെന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രന്‍ എന്തിനാണ് ഇപ്പോള്‍ ശബരിമലയില്‍ പോകുന്നതെന്ന് കോടതി ആരാഞ്ഞു. കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുണ്ടെന്നു ഇതിന് മറുപടിയായി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയ വ്യക്തമാക്കി. എന്നാല്‍ അവർ പോകട്ടെ സുരേന്ദ്രൻ പോകേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. സുരേന്ദ്രൻ പോകുന്നത് സംഘർഷം ഉണ്ടാക്കാനല്ലേ എന്നും കോടതി ആരാഞ്ഞു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു നേരെത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കതില്‍ അനില്‍ ( 38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
      
മത വര്‍ഗീയതയുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താറുള്ളയിവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സി പി ഐ എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും, സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് നൂറനാട് എസ് ഐ പറഞ്ഞു.
 

തിരുവനന്തപുരം: സംഘടനാകാര്യങ്ങളിൽ നോക്കുകുത്തിയാക്കിയതിനു പിന്നാലെ തെരഞ്ഞെടുപ്പ‌് ചുമതലയിലും ബിജെപി സംസ്ഥാനനേതൃത്വത്തിന‌് മൂക്കുകയറിട്ട‌് ആർഎസ‌്എസ‌്. ഇരുപത‌് ലോക‌്സഭാ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ‌് ചുമതല ആർഎസ‌്എസ‌് നേതാക്കൾക്ക‌് നൽകി. സംസ്ഥാന മേൽനോട്ടവും ആർഎസ‌്എസ‌് നിയോഗിച്ച ബിജെപി ഓർഗനൈസിങ‌് സെക്രട്ടറിമാർക്കാണ‌്. ഇതിനെതിരെ ബിജെപിയിൽ അമർഷം പുകയുകയാണ‌്. കേന്ദ്രത്തിൽനിന്ന‌് വരുന്ന കോടികളുടെ തെരഞ്ഞെടുപ്പ‌് ഫണ്ട‌് മുന്നിൽക്കണ്ടാണ‌് ഈ നീക്കം.
 
ബിജെപി സംസ്ഥാനനേതാക്കളെ ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ‌് കമ്മിറ്റികളാണ‌് രൂപീകരിച്ചിരിക്കുന്നത‌്. സാമ്പത്തികം ഉൾപ്പെടെയുള്ള സബ‌്കമ്മിറ്റികളിലും ആർഎസ‌്എസ‌് പിടിമുറുക്കി. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കേന്ദ്രത്തിൽനിന്ന‌് ഒഴുകുന്ന കോടികൾ സംഘപരിവാർ നേതാക്കളുടെ കൈകളിലെത്തുന്നതിലാണ‌് അസ്വസ്ഥത പുകയുന്നത‌്. വരുംദിവസങ്ങളിൽ ഇതിന്റെപേരിൽ ബിജെപി–-ആർഎസ‌്എസ‌് ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നാണ‌് സൂചന. എന്നാൽ, തീർത്തും ദുർബലനായ അവസ്ഥയിലാണ‌് സംസ്ഥാന പ്രസിഡന്റ‌്  പി എസ‌് ശ്രീധരൻപിള്ള.
 
ശബരിമല വിഷയത്തിൽ ബിജെപി നേതൃത്വത്തെ ഇരുട്ടിൽ നിർത്തിയാണ‌് ആർഎസ‌്എസ‌് കാര്യങ്ങൾ നിയന്ത്രിച്ചത‌്. ശബരിമല കേന്ദ്രീകരിച്ചുള്ള സമരം നിർത്താൻ ആർഎസ‌്എസ‌് നിർദേശിച്ചെങ്കിലും അത‌് വകവയ‌്ക്കാതെയാണ‌് സമരം സെക്രട്ടറിയറ്റ‌് പടിക്കലേക്ക‌് മാറ്റിയത‌്. സെക്രട്ടറിയറ്റ‌് പടിക്കൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ആരും തിരിഞ്ഞുനോക്കാത്ത ദുരവസ്ഥയിൽ എത്തിച്ചതും സംഘപരിവാറാണ‌്. ബിജെപി നേതൃത്വം ഒന്നിനും കൊള്ളില്ലെന്ന‌് വരുത്തി സംഘടനയിൽ പിടിമുറുക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി തെരഞ്ഞെടുപ്പ‌് ചുമതല കൈപ്പിടിയിൽ ഒതുക്കാനായിരുന്നു ആർഎസ‌്എസ‌് പദ്ധതി.
 
ശബരിമല കർമസമിതിയെ മുന്നിൽ നിർത്തിയാണ‌്  ആർഎസ‌്എസ‌് കരുക്കൾ നീക്കിയത‌്. ഈ മാസം 18ന‌് സെക്രട്ടറിയറ്റ‌് വളയൽ സമരം കർമസമിതിയാണ‌് പ്രഖ്യാപിച്ചത‌്. അതിൽനിന്ന‌് കർമസമിതി ഇപ്പോൾ പിന്മാറി. പകരം 20ന‌് ജില്ലകൾ കേന്ദ്രീകരിച്ച‌് ഭക്തജനസംഗമം നടത്താനാണ‌് തീരുമാനം. അമൃതാനന്ദമയി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനും സംഘപരിവാർ തീരുമാനിച്ചിട്ടുണ്ട‌്. അതേസമയം കർമസമിതിയുടെ സമരത്തോട‌് ബിജെപി നേതൃത്വം മുഖം തിരിഞ്ഞുനിൽക്കുകയാണ‌്. 18ലെ സെക്രട്ടറിയറ്റ‌് വളയൽ മാറ്റിയോയെന്ന‌് ചോദിച്ചപ്പോൾ കർമസമിതിയോട‌് ചോദിക്കണമെന്നാണ‌് ശ്രീധരൻ പിള്ള പറഞ്ഞത‌്.
 
സെക്രട്ടറിയറ്റിന‌് മുന്നിലെ നിരാഹാരസമരം സുപ്രീംകോടതി റിവ്യൂഹർജി പരിഗണിക്കുന്ന 22ന‌് നിർത്താനാണ‌് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം വരുന്നത‌ുവരെ ശബരിമല സമരം മറ്റുരൂപത്തിൽ തുടരണമെന്നാണ‌് സംഘപരിവാർ നിർദേശം. 21ന് എത്തുന്ന ദേശീയ അധ്യക്ഷൻ അമിത‌്‌ ഷായുടെ നിർദേശം അനുസരിച്ച‌് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന‌് ബിജെപി നേതൃത്വം പറഞ്ഞു.

യൂഡല്‍ഹി: ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും  യൂണിയന്‍ പ്രസിഡന്റുമായിരുന്ന  കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1,200പേജുകകളാണുള്ളത്. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
 
കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, കശ്മീര്‍ സ്വദേശികളായ അഖ്വീബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
 
ആകെ 35 പ്രതികളാണ് കേസിലുള്ളത്. സിപിഐ നേതാവ് ഡി രാജയുടെ മകളും എഐഎസ്എഫ് നേതാവുമായ അപരാജിത രാജ, എഐഎസ്എ നേതാവ് ഷെഹ്‌ല റാഷിദ് എന്നിവരും കേസില്‍ പ്രതികളാണ്.
 
ക്യാമ്പസില്‍ നടക്കുന്ന രാജ്യവിരുദ്ധ പരിപാടിയെ കുറിച്ച് അറിയാമായിരുന്നിട്ടും കനയ്യ പരിപാടി തടഞ്ഞില്ലെന്നും ഉമര്‍ ഖാലിദും അനിര്‍ബനും പുറത്തു നിന്ന് ആളുകളെ കൊണ്ടുവരുന്ന കാര്യം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 
രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന്്  കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാര്‍ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
 
കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് കടുത്ത വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോകളാണ് കനയ്യക്കും സംഘത്തിനും എതിരെ പൊലീസ് തെളിവായ് സ്വീകരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണ്ടെത്തിയിരുന്നു.
 
നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ കുമാര്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ തയ്യാറെടുക്കുന്ന വേളയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിഹാറിലെ ബഗുസരായില്‍ നിന്ന് കനയ്യ ജനവിധി തേടുമെന്നാണ് വാര്‍ത്തകള്‍.
 

ലക്നൗ: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ രൂപീകൃതമായിരിക്കുന്ന എസ്പി - ബിഎസ്പി സഖ്യമാണ് ഇപ്പോള്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 
 
രാജ്യത്ത് 80 അംഗങ്ങളെ ലോക്സഭയിലേയ്ക്ക് അയയ്ക്കുന്ന ഏക സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. അതിനാല്‍ ഉത്തര്‍ പ്രദേശ് ആര് നേടുമോ അവര്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
 
ഭരണകക്ഷിയായ ബിജെപിയ്ക്ക് ഉത്തര്‍ പ്രദേശില്‍ ശക്തമായ വെല്ലുവിളിയാണ് എസ്പി - ബിഎസ്പി സഖ്യം ഉയര്‍ത്തുന്നത്. സഖ്യം ചെറു പാര്‍ട്ടികളെ സഖ്യത്തിലേയ്ക്ക് സ്വാഗതവും ചെയ്യുന്നുണ്ട്. 
 
എന്നാല്‍ ഇപ്പോൾ, എസ്പി - ബിഎസ്പി സഖ്യത്തിന് പിന്തുണ അറിയിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്പി അദ്ധ്യക്ഷ മായാവതിയെ സന്ദര്‍ശിച്ചത് സഖ്യത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. ലഖ്‌നൗവില്‍ എത്തിയാണ് അദ്ദേഹം മായാവതിയെ സന്ദര്‍ശിച്ചതും തന്‍റെ പിന്തുണ അറിയിച്ചതും. 
 
‘അംബേദ്ക്കറുണ്ടാക്കിയ ഭരണഘടനയെ തകര്‍ത്ത് ‘നാഗ്പൂര്‍ നിയമങ്ങള്‍’ നടപ്പിലാക്കാന്‍ രാജ്യത്ത് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് എസ്.പി-ബി.എസ്.പി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഈ മുന്നണിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. യു.പിയില്‍ ബിജെപിയ്ക്ക് ഒറ്റ സീറ്റു പോലും ലഭിക്കില്ല’ സന്ദര്‍ശനത്തിന് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറിലെ പോലെ ബിജെപിയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും പ്രാദേശിക കക്ഷികളുടെ സഖ്യം വേണമെന്ന് പിതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നതായി തേജസ്വി പറഞ്ഞു.
 
ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ജെഡിയുവും കൈകോര്‍ത്തപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
 
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. 

ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കേ ഹെലിപാഡിന് സൗകര്യമൊരുക്കുന്നതിനായി ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാന്‍ഗിര്‍ ജില്ലയിലാണ് ഹെലികോപ്ടര്‍ ഇറക്കുന്നതിന് വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചത്. ജനുവരി 15നാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്.
 
 
 
മരങ്ങള്‍ വെട്ടിയത് അനുമതി ലഭിക്കാതെയാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗിര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു. എന്നാൽ സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന് ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി.
 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത ദിവസം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി പടിഞ്ഞാറന്‍ ഒഡീഷയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചില പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
 

പുതിയ ലോകബാങ്ക് പ്രെസിഡന്റിൻറെ പേരിനായി കാത്തിരിക്കുകയാണ് ലോകം. ആരായിരിക്കും പുതിയ ലോകബാങ്ക് പ്രസിഡന്‍റ്?  ജിം യോങ് കിം രാജിവെച്ച ഒഴിവിലേക്ക് അമേരിക്ക നിർദേശിക്കുന്ന രണ്ട് പേരുകളിലൊന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപ് ആണെന്നാണ് സൂചന. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 
യു.എന്നിലെ യു.എസ് അംബാസിഡർ നിക്കി ഹാലെയാണ് ലോക ബാങ്ക് പ്രസിഡന്‍റ് പദത്തിലേക്ക് അമേരിക്ക പരിഗണിക്കുന്നതിൽ മറ്റൊരു പേര്.
 
ഇവാങ്ക ട്രംപ് ലോകബാങ്ക് പ്രസിഡന്‍റാകുമോയെന്ന് ലോകം ഉറ്റുനോക്കുമ്പോൾ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ യു.എസ് തയ്യാറായിട്ടില്ല. ലോകബാങ്കിന്‍റെ രൂപീകരണത്തിന് ശേഷം സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി ഉടമ അമേരിക്കയാണ്. 
 
ബിസിനസിലും മോഡലിങിലും ഇതിനോടകം കഴിവ് തെളിയിച്ച ഇവാങ്കയെ യുഎന്നിലെ പ്രതിനിധിയാക്കാനും നേരത്തെ അമേരിക്ക ആലോചിച്ചിരുന്നു. 
 
പ്രസിഡന്റ് കാലാവതി പൂര്‍ത്തിയാകാന്‍ ഇനിയും  മൂന്നുവര്‍ഷം ബാക്കി നില്‍ക്കെയാണ് ജിം യോങ് കിം രാജിവച്ചത്. വനിത സംരംഭകര്‍ക്കായി വേള്‍ഡ് ബാങ്കിന്റെ ആറു കോടി അമ്പതുലക്ഷം രൂപ സൗദിക്ക് നല്‍കുന്നതില്‍ ഇവാങ്ക പ്രധാനപങ്കുവഹിച്ചിരുന്നു. കഴിഞ്ഞ മാസമാണ് യു.എന്നിലെ യു.എസ് അംബാസിഡര്‍ സ്ഥാനം നിക്കി ഹാലെ രാജിവച്ചത്. എന്നാല്‍ ഇരുവരില്‍ ആരെയായിരിക്കും നിര്‍ദേശിക്കുക എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.
 
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനിയെ തെരഞ്ഞെടുക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് യു. എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1945 ലാണ് ലോക ബാങ്ക് രൂപീകരിച്ചത്. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന രാഷ്ട്രങ്ങളുടെവികസന പ്രവര്‍ത്തങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക,  അംഗരാജ്യങ്ങളുടെ ദാരിദ്ര നിര്‍മാര്‍ജനം എന്നിവയാണ് 185 അംഗരാജ്യങ്ങളുള്ള ലോക ബാങ്കിന്റെ പ്രധാന ലക്ഷ്യം. ലോകബാങ്കിന്റെ രൂപീകരണത്തിനു ശേഷം ഏറ്റവും വലിയ ഓഹരിയുടമകള്‍ അമേരിക്കയാണ്. അടുത്തമാസം മുതലാണ് പുതിയ പ്രസിഡന്റിനായുള്ള അപേക്ഷകള്‍ ലോക ബാങ്ക് സ്വീകരിക്കുന്നത്.
 

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കത്തിപ്പടരുന്നു. തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയുമപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. മുന്നൂറോളം പേര്‍ അറസ്റ്റിലാകുകയും ഇരുന്നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതാമത്തെ ആഴ്ച്ചയാണ് മഞ്ഞക്കുപ്പായക്കാര്‍ സമരത്തിനിറങ്ങുന്നത്.
 
പാരീസിനു പുറമെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഈ ആഴ്ച്ച സമരക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം പ്രക്ഷോഭകരുടെ വക്താവായ എറിക്  ഡ്രൗട്ടിനെ അറസ്റ്റ് ചെയ്‌തത് അണികളെ പ്രകോപിതരാക്കി. അടുത്തിടെ നടന്ന ജനഹിത പരിശോധനയില്‍ 55 ശതമാനം ജനങ്ങള്‍ മഞ്ഞക്കുപ്പായക്കാരുടെ സമരത്തെ പിന്തുണയ്‌‌ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
 
ഇന്ധനവില കുത്തനെ കൂട്ടിയതിനെതിരെയുള്ള മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭമാണിപ്പോള്‍ ഫ്രാന്‍സിനെ വിറപ്പിക്കുന്നത്. ഈ വര്‍ഷംമാത്രം 14 ശതമാനമാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് (കാര്‍ബണ്‍ ടാക്‌സ്) എന്നുപറഞ്ഞാണ് ഏറ്റവും അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. ശരാശരി ഫ്രഞ്ചുകാരന് ഒരുമാസത്തില്‍ കിട്ടുന്ന വേതനം 1200 യൂറോയാണ്. ഇതില്‍ 200 മുതല്‍ 300 യൂറോവരെ ഗതാഗതത്തിനായി ചെലവഴിക്കേണ്ടിവരുന്നു. ബാക്കി തുക കൊണ്ട് ജീവിതം അസാധ്യമായപ്പോഴാണ് ഫ്രാന്‍സിലെ ജനങ്ങള്‍ സ്വയമേവ പ്രക്ഷോഭരംഗത്തേക്ക് എടുത്തുചാടിയത്.
 
 
ഫ്രാന്‍സിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ അണ്‍ബോവ്ഡ് ഫ്രാന്‍സിന്റെ നേതാവായ മെലന്‍ഷോണും, നവ ഫാസിസ്റ്റ് പ്രസ്ഥാനമായ റിഅസംബ്ലമെന്റ് നാഷണലിന്റെ നേതാവായ മരി ലേ പെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തി. മാക്രോണിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തുടക്കം മുതല്‍ സമരത്തിന് പിന്തുണ നല്‍കി വരുന്നുണ്ട്. ശക്തമായ സമരത്തെ തുടര്‍ന്ന് മാക്രോണ്‍ ഇന്ധനവില നിയന്ത്രിക്കുകയും കൂടുതല്‍ ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുമെന്ന് വാഗ്‌ദാനം നല്‍കുകയും ചെയ്‌തു. 
 

വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ കാറ് വാങ്ങിയതിന് കന്യാസ്ത്രീയോട് സഭ വിശദീകരണം ചോദിക്കുമ്പോള്‍ അങ്ങ് വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്‌സിനിറക്കാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്.
 
വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ‘ ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു.
 
ഒളിമ്പിക്‌സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ടീമംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. അതില്‍ കുറുകെ വെള്ളയും മഞ്ഞയും വരകളുണ്ടാകും. ഒളിമ്പിക്‌സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

Top Stories

Grid List

കുവൈറ്റിൽ  ജനങ്ങൾക്ക് മേൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്താനുദ്ദേശ്യമില്ലെന്ന് കുവൈത്ത് ഭരണകൂടം. രാജ്യത്തെ അക്കൗണ്ടിംഗ് മേഖല വേണ്ടത്ര വികസിക്കാത്തതാണെന്ന് നികുതി പരിഷ്കരണത്തിന് തടസം നിൽക്കുന്നതെന്ന് സുപ്രീം പ്ലാനിങ് കൗൺസിൽ മേധാവി ഡോ. ഖാലിദ് അൽ മെഹ്ദി വ്യക്തമാക്കി. 
 
വികസനപ്രവർത്തങ്ങൾ ലക്ഷ്യമിട്ടാണ് നികുതി സംവിധാനത്തെ കുറിച്ച് കുവൈത്ത് ആലോചിക്കുന്നതെന്നും ഡോ ഖാലിദ് അൽ മെഹ്ദി പറഞ്ഞു. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നികുതി സംവിധാനങ്ങളുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യും.
 
എന്നാൽ ആവശ്യമായ മുന്നൊരുക്കം നടത്തിയും അക്കൗണ്ടിങ് സംവിധാനം പരിഷ്കരിച്ചും മാത്രമേ കുവൈത്തിൽ ഇത് സാധ്യമാകൂ. പ്രകൃതിവിഭവങ്ങളിൽനിന്നുള്ള വരുമാനം, പ്രകൃതി വിഭവങ്ങളിലുള്ള നിക്ഷേപം, വിവിധയിനം നികുതി എന്നിങ്ങനെ മൂന്ന് തരം സാമ്പത്തിക നേട്ടങ്ങളാണ് രാജ്യം ലക്ഷ്യംവെക്കുന്നത്.

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സ് അഹമ്മദാബാദ് സ്മാഷേഴ്‌സിന് 4-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. ഇന്ത്യന്‍താരം പിവി സിന്ധുവിന്റെ മിന്നുന്ന പ്രകടനമാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സ് ഹൈദരാബാദിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
 
ക്രിസ്റ്റി ഗില്‍മോറിനെതിരെ സിന്ധു കാട്ടിയ മികവാണ് മത്സരത്തിന്റെ സവിശേഷത. രണ്ടു സെറ്റുകളില്‍ 14-14 എന്ന നിലയില്‍ ഇരുവരും തുല്യതയിലെത്തിയെങ്കിലും പരിചയസമ്പന്നതയും മനസാന്നിധ്യവും സിന്ധുവിന് തുണയായി. 15-14, 12-15, 15-14 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഓരോ പോയന്റിനുമായി ഇരു താരങ്ങളും കടുത്തപോരാട്ടമാണ് നടത്തിയത്.