ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ; നടന്‍ പൃഥ്വിരാജിനെ കടന്നാക്രമിച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെ കടന്നാക്രമിച്ച് വീണ്ടും കൂടുതല്‍ ബിജെപി നേതാക്കള്‍. പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്ന പ്രസ്താവനയുമായാണ് ബിജെപി വക്താവ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടു.

ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കുമെന്നും കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍:

”ലക്ഷദ്വീപ് കാശ്മീരാക്കുന്നു, ആക്കുക തന്നെയാണ് വേണ്ടത്.
ഞാന്‍ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരന്‍ ആണ് പൃഥ്വിരാജ്, അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരനും എനിക്കിഷ്ടപ്പെട്ട ഒരു നടന്‍ ആയിരുന്നു. പക്ഷെ പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അഛന്‍ സുകുമാരന് ഒരു അപമാനമാണ്.

എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത താങ്കള്‍ക്കു എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രത?

ഒരു പക്ഷെ താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തില്‍ താങ്കള്‍ വ്യക്തമായി പറയുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവിടെ പരിഹരിക്കുന്നത്.

താങ്കള്‍ അന്ന് പറഞ്ഞിരിക്കുന്ന ആ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങള്‍, ആ പ്രതിബന്ധങ്ങള്‍ നില നില്‍ക്കേണ്ടത് ഇന്ന് IS ഉള്‍പ്പടെ ശ്രീലങ്കയില്‍ നിന്നും അവിടെ കുടിയേറിയിരിക്കുന്ന മത തീവ്രവാദികളുടെ ആവശ്യവുമാണ്.

താങ്കളുടെ ഒരു നല്ല സുഹൃത്തെന്നു താങ്കള്‍ തന്നെ അവകാശപ്പെടുന്ന സച്ചിയുടെ അനുഭവങ്ങള്‍ താങ്കള്‍ക്കും അറിവുള്ളതായിരിക്കും. ”

”അത് കൊണ്ട് കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി, കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങള്‍ താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, സൈനിക് സ്‌കൂളില്‍ നിന്നും താങ്കള്‍ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണം.

പിന്നെ ലക്ഷദ്വീപിന്റേയും കാശ്മീരിന്റേയും ഗതി വിഗതികളും ഇന്ന് ഒരേ പോലെയാണ്, കാശ്മീരില്‍ പാക്കിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ IS തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി.

കാശ്മീരില്‍ മഞ്ഞു മലകള്‍ ആയിരുന്നു മറയെങ്കില്‍, ലക്ഷദ്വീപില്‍ മഹാസമുദ്രം. പ്രകൃതി രമണീയമായ ഈ രണ്ടു പ്രദേശങ്ങളും പക്ഷെ ഭാരതീയര്‍ക്ക് പോലും അപ്രാപ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തതോടെ ഇപ്പോള്‍ കാശ്മീര്‍ തികച്ചും സമാധാനപരം.

കല്ലേറില്ലാത്ത, വെടിയൊച്ചകളില്ലാത്ത, ശാന്തമായ കാശ്മീര്‍. സൈന്യത്തിലേക്ക് യുവാക്കളുടെ നീണ്ട നിരയാണ് സൈന്യ സേവനത്തിന്. ”

”കല്ലേറ് നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ നിറയുന്നു, അന്താരാഷ്ട്ര വിപണികളില്‍ വരെ കശ്മീരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നു, ടൂറിസ്റ്റുകള്‍ കാശ്ശ്മീരിലേക്ക് ഒഴുകുന്നു. ഇതാണ് ഇന്നത്തെ കാശ്മീര്‍. ലക്ഷദ്വീപും ഇത് പോലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് കേന്ദ്രമാകണം, അതിന് നിയമങ്ങളും നടപടികളും വേണ്ടി വരും. പുതിയ നിയമങ്ങളുടെ കരട് ജനങ്ങളുടെ ഹിതത്തിന് സമര്‍പ്പിച്ചിട്ടല്ലേ ഉള്ളൂ, പിന്നെന്തിനീ മുറവിളി?

ഗോവധ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസ്സുകാരുടെ, ബീഫിന്റെ പേരില്‍ ഇല്ലാത്ത കാര്യം പറഞ്ഞുള്ള വ്യാജ പ്രചരണങ്ങളാണ് മറ്റൊരു പരിപാടി. പിന്നെ ബേപ്പൂര്‍ തുറമുഖം മാറ്റി മംഗലാപുരമാക്കണമെന്നത് ലക്ഷദ്വീപിലെ MP അടക്കമുള്ളവരുടെ തീരുമാനമാണ്, അതിനെന്തിനാണ് നിങ്ങള്‍ ബഹളം വക്കുന്നത്?

ഗുണ്ടാ ആക്ട് കൊണ്ടുവന്നതില്‍ ഗുണ്ടകള്‍ ഭയന്നാല്‍ പോരെ, അതോ ഗുണ്ടകള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ഈ വക്കാലത്ത് പിടിക്കുന്നത്? ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമാണ്, മതം നോക്കിയിട്ടല്ല ഭാരതത്തില്‍ ഭരണഘടനയും നിയമവും നടപ്പാക്കുന്നത്.

ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാല്‍ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിര്‍ത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. പിന്നെ ഗുജറാത്ത് പേടി, അതെന്തിനാണെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുമില്ല!”

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick