140 ൽ 100 സീറ്റുകളും നേടി ചരിത്രവിജയം നേടി എൽഡിഎഫ്; തകർന്നടിഞ്ഞ് യുഡിഎഫ്; ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു

Share on facebook
Share on twitter
Share on linkedin
Share on whatsapp

എൽഡിഎഫിന് കേരളനിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം.തുടർഭരണം എന്ന കേരളരാഷ്ട്രീയത്തിലെ ബാലികേറാമലയിലേക്ക് ഉറച്ചകാൽവയ്പ്പുകളോടെ ക്യാപ്റ്റൻ നടന്നുകയറിയിരിക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ 140 ൽ 100 സീറ്റുകളും നേടി കേരളത്തിന്റെ ഭരണത്തുടർച്ച എൽഡിഎഫ് ഉറപ്പാക്കി. യുഡിഎഫ് ചരിത്രത്തിലെ അതിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങി 40 സീറ്റുകളിലൊതുങ്ങി. വലിയ അവകാശവാദങ്ങളുമായെത്തിയ ബിജെപിയുടെ അക്കൗണ്ടും കേരള ജനത പൂട്ടിച്ചു.തുടർഭരണത്തിനുള്ള സാധ്യത അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നവെങ്കിലും ഇത്ര ശക്തമായ ഇടതു തരംഗം ഏറ്റവും കടുത്ത എൽഡിഎഫ് ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പിണറായി എന്ന ക്യാപ്റ്റനിൽ കേരളം വിശ്വാസം അർപ്പിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്. സത്യത്തിൽ തദ്ദേശതിരഞ്ഞെടുപ്പെന്ന സെമിഫൈനലിൽ തന്നെ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകളുണ്ടായിരുന്നു. അതു തിരിച്ചറിയാതെ കളിച്ച പ്രതിപക്ഷത്തെ നിരായുധരാക്കി ആധികാരികമായ വിജയം പിണറായി വിജയൻ പിടിച്ചതോടെ അതു ചരിത്രത്തിൽ സമാനതകളില്ലാത്തതായി. ഇതിഹാസതുല്യരായ നേതാക്കൾക്ക് കഴിയാതെ പോയതാണ് പിണറായി നേടിയെടുത്തത്.

കഴിഞ്ഞ തവണത്തേക്കാൾ ദയനീയ പരാജയമാണ് യുഡിഎഫ് ഇത്തവണ ഏറ്റുവാങ്ങിയത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ ചെന്നിത്തലയിൽ പോലും വിശ്വാസമർപ്പിക്കാതെ നടത്തിയ രാഷ്ട്രീയ മണ്ടത്തരങ്ങളാണ് ഈ കനത്തപരാജയത്തിന് കാരണമെന്ന് യുഡിഎഫ് നേതൃത്വം ഇപ്പോൾ അറിയുന്നുണ്ട്. ലൈഫ് മിഷൻ,കിഫ്ബി തുടങ്ങിയവയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളുടെ പേരിൽ വികസനവിരുദ്ധരായി പ്രതിപക്ഷത്തെ ചിത്രീകരിക്കുന്നതിൽ ഭരണപക്ഷം വിജയിച്ചു. മഹാമാരിക്കാലത്ത് സർക്കാരിന്റെ പ്രവർത്തനത്തിന് തുരങ്കം വയ്ക്കുന്നതായാണ് ഇതെല്ലാം ജനത്തിന് അനുഭവപ്പെട്ടത്.ആരോപണങ്ങൾക്കൊന്നും വാർത്തസമ്മേളനങ്ങൾക്കപ്പുറം ആയുസുണ്ടായില്ല.അടിത്തട്ടിൽ നിർജീവമായ കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.

ശബരിമല സ്ത്രീപ്രവേശനം എന്ന ചത്ത കുതിരപ്പുറത്തേറി ഇത്തവണയും രക്ഷപെടാം എന്നു യുഡിഎഫ് പ്രത്യേകിച്ച് കോൺഗ്രസ് കരുതി.അങ്ങനെ നോക്കിയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കണ്ണഞ്ചിക്കുന്ന വിജയം നൽകിയ അമിത ആത്മവിശ്വാസമാണ് ഈ കനത്ത പരാജയത്തിന് അടിത്തറ പാകിയത്. പലരും നൽകിയ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വം കണ്ടില്ലെന്ന് നടിച്ച് അനിവാര്യമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.പത്തനംതിട്ട പോലുള്ള ജില്ലയിലെ കനത്തപരാജയം ഇനിയെങ്കിലും കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കുമോ ആവോ?

ബിജെപിയെ കുറിച്ച് എന്തുപറയാൻ? രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് സംസ്ഥാനതലത്തിൽ വിശ്വാസ്യതയുള്ള ഒരു നേതാവ് പോലും ഇല്ലന്നെതിന് ഇപ്പോൾ നേടിയ ഈ വട്ടപ്പൂജ്യം തെളിവാണ്. ശ്രീധരനെയും സുരേഷ് ഗോപിയെയും ഒക്കെ ഇറക്കിയുള്ള ചില ഗിമ്മിക്കുകൾ മാത്രം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിൽ എന്തെങ്കിലും അടയാളപ്പെടുത്തലുകൾക്ക് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇനിയും കഴിയില്ല എന്നവർ മനസിലാക്കുന്നില്ല. രാഷ്ട്രീയ സാക്ഷരത കുറഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിജയകരമായി വിൽക്കുന്ന നുണകളിലും വെറുപ്പിലും അടിസ്ഥാനമാക്കിയ രാഷ്ട്രീയ ചേരുവകൾ കേരളം പോലെ ഒരു സംസ്ഥാനത്ത് ചിലവാകില്ല എന്ന് എന്നാണിവർ മനസിലാക്കുക. പൂട്ടിപ്പോയ അക്കൗണ്ട് ഇനി തുറക്കുക ബിജെപിക്ക് അത്ര എളുപ്പമല്ല എന്നുമാത്രം ഇപ്പോൾ സംസ്ഥാനനേതൃത്വത്തിനെങ്കിലും മനസിലാകുന്നുണ്ടാകും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick