സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

Share on facebook
Share on twitter
Share on linkedin
Share on whatsapp

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായി സേവന അവകാശ നിയമം കൂടി പരിഗണിക്കേണ്ടതുണ്ട്. ഭരണ നിര്‍വ്വഹണത്തില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പറ്റുന്ന പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാവണം. കൊച്ചി-ബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം-മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. സെമി ഹൈസ്പീഡ് റെയില്‍വേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുക. ഇതു സംബന്ധിച്ച ചര്‍ച്ചകളും സെക്രട്ടറിമാരുടെ യോഗത്തില്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.

തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണം. സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നങ്ങള്‍ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണപരിഷ്‌കരണവും നവീകരണവും തുടര്‍പ്രക്രിയയായി നടക്കേണ്ടതാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തില്‍ അവലോകനം ചെയ്യും.

ഫയലുകളിലെ വിവരങ്ങള്‍ തല്‍പരകക്ഷികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഫയലിന് രഹസ്യ സ്വഭാവം വേണ്ടതുണ്ടെങ്കില്‍ അത് സൂക്ഷിക്കണം. വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങള്‍ ലഭ്യമാക്കാവൂ.

പിഎസ്സി റാങ്ക്‌ലിസ്റ്റുകളില്‍ നിന്നും പരമാവധി നിയമനങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ അര്‍ഹത നേടാത്ത സാഹചര്യത്തില്‍ ഹയര്‍ കേഡര്‍ ഒഴിവുകള്‍ ഡി-കേഡര്‍ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും.

റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിലുള്ള പുരോഗതി സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്ന് നിര്‍ദേശം നല്‍കി. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick