കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിൽ; കുഴൽപ്പണമായെത്തിയ കോടികൾ ബിജെപിക്ക് വേണ്ടി തന്നെയെന്ന് ധർമ്മരാജൻ

Share on facebook
Share on twitter
Share on linkedin
Share on whatsapp

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വവും വലിയ പ്രതിസന്ധിയിൽ. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിക്കായി കൊണ്ടുവന്നത് തന്നെയെന്ന് പരാതിക്കാരനായ ധർമ്മരാജൻ മൊഴി നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ധർമ്മരാജന്റെ മൊഴികളും സാഹചര്യ തെളിവുകളും കൂടുതൽ ബിജെപി നേതാക്കളെ കുടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും പണം ബിജെപിക്കായി കൊണ്ടുവന്നതാണ് എന്നായിരുന്നു ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയ മൊഴി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ധര്‍മ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലോടെ സംസ്ഥാന നേതാക്കളുടെ ആ വാദവും പൊളിയുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബിജെപി നേതാക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് തിരൂരിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറി എടുത്തു നല്‍കിയതെന്ന് സതീഷ് മൊഴി നല്‍കിയിരുന്നു. അതേസമയം കവര്‍ച്ചാപണത്തിലെ ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ പ്രതികളുടെ വീട്ടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രണ്ടു കോടിയിലധികം തുകയാണ് ഇനി കണ്ടെത്താനുള്ളത്.

കുഴല്‍പ്പണം കടത്തിയ ധര്‍മ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂര്‍ നേരമാണ് പ്രത്യേക അന്വേഷണ സംഘം സതീശനെ ചോദ്യം ചെയ്തത്. ഏപ്രില്‍ 2 ന് തൃശൂര്‍ എം.ജി.റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുന്‍പ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു

കുഴല്‍ പണ കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജന്‍, സുനില്‍ നായിക് എന്നിവരെ പരിചയമില്ല. ബി ജെ പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശന്‍ മൊഴി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. കവര്‍ച്ച ചെയ്യപ്പെട്ട കൂടുതല്‍ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാല്‍ പണം കണ്ടെത്താനായില്ല. കേസില്‍ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ മൂന്നര കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick