'ട്രംപ് എന്റെ പ്രസിഡന്റ് അല്ല' യുഎസില്‍ കലാപം പടരുന്നു

വാഷിങ്ടണ്‍ > അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോണള്‍ഡ് ട്രംപിനെതിരെ രാജ്യത്തുയര്‍ന്ന വ്യാപക പ്രതിഷേധം രണ്ടാംദിവസവും തുടരുന്നു. പ്രക്ഷോഭകരിലേറെയും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്. ഓറിഗോണ്‍ സംസ്ഥാനത്തിലെ പോര്‍ട്ട്ലാന്‍ഡില്‍ പ്രക്ഷോഭം കലാപമായി മാറി. ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി ഏഴായിരത്തിലധികം പ്രക്ഷോഭകരാണ്് ഓറിഗോണ്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരെ റബര്‍ലാത്തിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ച പൊലീസ് 29പേരെ അറസ്റ്റ് ചെയ്തു. ഓറിഗോണില്‍ കലാപ അന്തരീക്ഷമാണെന്ന് പൊലീസ് പ്രഖ്യാപിച്ചു. മറ്റ് അമേരിക്കന്‍ നഗരങ്ങളിലും പ്രക്ഷോഭം തുടരുകയാണ്.

മിന്നെപൊളിസില്‍ പ്രക്ഷോഭകര്‍ ദേശീയപാതകള്‍ ഉപരോധിച്ചു.

'ട്രംപ് എന്റെ പ്രസിഡന്റ് അല്ല' എന്ന ബാനര്‍ ഉയര്‍ത്തിയാണ് ഫിലാഡല്‍ഫിയയിലെ സിറ്റിഹാളിനു മുന്നില്‍ യുവജനങ്ങള്‍ ഒത്തുകൂടിയത്. ബാല്‍ട്ടിമോറിലും പ്രക്ഷോഭകര്‍ ഗതാഗതം തടസ്സപ്പെടുത്തി. സാന്‍ ഫ്രാന്‍സിസ്കോയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മെക്സിക്കന്‍ പതാകയുമായാണ് പ്രതിഷേധത്തിനിറങ്ങിയത്.

ചിക്കാഗോയില്‍ 'ട്രംപ് ടവറി'നു മുന്നിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിനുമുന്നില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും ധര്‍ണ തുടരുന്നു. ട്രംപിന്റെ മുസ്ളിംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്കും മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രസ്താവനയ്ക്കും എതിരെയാണ് പ്രക്ഷോഭം. ട്രംപിന്റെ സ്ഥാനാരോഹണം അമേരിക്കയില്‍ വംശീയവും ലിംഗപരവുമായ ചേരിതിരിവ് മൂര്‍ച്ഛിപ്പിക്കുമെന്ന് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി.

തനിക്കെതിരെ ചില മാധ്യമങ്ങളുടെ പിന്തുണയോടെയാണ് കലാപമെന്ന് ട്രംപ് പ്രതികരിച്ചു. അതേസമയം, അധികാരം കൈമാറുന്നതു സംബന്ധിച്ച്‌ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമ നിയുക്ത പ്രസിഡന്റുമായി വൈറ്റ്ഹൌസില്‍ കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടു. നിയുക്ത വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സും ഒപ്പമുണ്ടായിരുന്നു. അധികാരം സമാധാനപരമായി കൈമാറുകയാണ് തന്റെ പ്രധാന കര്‍ത്തവ്യമെന്ന് ഒബാമ പ്രതികരിച്ചു.