Advertisement
 
 
 

യുഎസ് പ്രസിഡൻറ് ട്രംപിനെ വിമർശിച്ച് ബ്രിട്ടനിലേക്ക് അയച്ച ഔദ്യോഗിക ഇ-മെയിൽ ചോർന്നു ; യുഎസിലെ ബ്രിട്ടീഷ് അംബാസിഡർ കിംഡാറോച്ച് രാജിവെച്ചു

 
 ട്രംപ് ഭരണകൂടത്തെ പരിഹസിച്ചും വിമർശിച്ചും കൊണ്ടുള്ള ഇ മെയിൽ ചോർന്നത് വിവാദയതിന് പിന്നാലെ യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡാറോച്ച് രാജിവെച്ചു. ട്രംപ് സർക്കാർ കഴിവുകെട്ടതും പരുക്കനുമാണെന്നതുൾപ്പെടെയുള്ള പരാമർശങ്ങളടങ്ങിയ കിമ്മിന്റെ ഇ മെയിലാണ് ചോർന്നത്. ഇത് ഇരുരാജ്യങ്ങളിലും വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് അദ്ദേഹം പടിയിറങ്ങിയത്. ഇ മെയിൽ വിവരങ്ങൾ പുറത്തായതോടെ അദ്ദേഹത്തിനെതിരേ കടുത്ത വാക്കുകളുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കിം മണ്ടനാണെന്നും ഒപ്പം പ്രവർത്തിക്കാൻ യുഎസ് ഭരണകൂടം തയാറല്ലെന്നും ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
 
പുതിയൊരാൾ അംബാസഡറായി വരുന്നതാണ് ഭേദമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ കിം പറയുന്നു. 2017ൽ കിം യുകെ സർക്കാരിന് അയച്ച ഇ മെയിലാണ് കഴിഞ്ഞദിവസം ചോർന്നത്. യുഎസ് ഭരണകൂടം സാധാരണഗതിയിലാവുമെന്ന് വിശ്വസിക്കുന്നില്ലെന്നും വൈറ്റ് ഹൗസിലെ ഏറ്റുമുട്ടലിനെയും ബഹളങ്ങളെയും കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നല്ലൊരു പങ്കും സത്യമാണെന്നും ഇ മെയിലിൽ പറയുന്നുണ്ട്.
 
 
ഇതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ള ബ്രിട്ടീഷ് നേതാക്കൾ കിമ്മിന് പിന്തുണയുമായെത്തി. കിമ്മിന്റെ രാജി അത്യന്തം വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന് മന്ത്രിസഭ പൂർണപിന്തുണ നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി. കിമ്മിനെതിരേ ട്രംപ് നടത്തിയ പരാമർശം നീതിക്കുനിരക്കാത്തതും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവും ലേബർ പാർട്ടി അധ്യക്ഷനുമായ ജെറോമി കോർബിൻ അഭിപ്രായപ്പെട്ടു. ഇ മെയിൽ ചോർച്ചയെക്കുറിച്ച് ബ്രിട്ടൻ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012-15 കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ച കിം ഡാറോച്ച് 2016 ജനുവരിയിലാണ് യുഎസിലെ ബ്രിട്ടീഷ് അംബാസഡറായത്.
 
 
 
Advertisement
Advertisement