Advertisement
 
 
 

മുസ്ലീം വിരുദ്ധ കലാപം രൂക്ഷം : ശ്രീലങ്കയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 42കാരനാണ് കൊല്ലപ്പെട്ടത്. പുട്ടാലം ജില്ലാ സ്വദേശി മുഹമ്മദ് അമീര്‍ മുഹമ്മദ് സാലി എന്നയാളാണ് മരിച്ചത്. മരപ്പണിക്കാരാനായ ഇയാളെ കൂട്ടമായെത്തിയ സംഘം കൂര്‍ത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണമാണിത്.


സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശ്രീലങ്കയില്‍ പൊലീസും സൈന്യവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രാജ്യ വ്യാപകമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായ അക്രമികളെ ഒഴിവാക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്നുണ്ട്. പരമാവധി സേനയെ ഉപയോഗപ്പെടുത്തി അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.


ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്. മുസ്ലീം പള്ളികള്‍ക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.


ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം നൂറുകണക്കിന് അക്രമസംഭവങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളും ഉണ്ടെന്നാണ് പൊലീസിന്റെ നിലപാട് . സാഹചര്യം മുതലെടുത്ത് ചിലര്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. ഫെയ്‌സ് ബുക്ക് വാട്‌സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ഇപ്പോഴും തുടരുകയാണ്.


?

Advertisement
Advertisement