ഇന്ത്യക്ക് തിരിച്ചടി: ജയ് ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ നീക്കത്തെ ചൈന എതിര്‍ക്കുന്നത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ചൈനയുടെ നടപടി നിരാശജനകമെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേര് പറയാതെയാണ് ഇന്ത്യയുടെ പ്രതികരണം. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നത്. മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സമവായവും ചര്‍ച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്.
മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നതിനോട് പാകിസ്ഥാന്‍ അനുകൂല നിലപാടെടുക്കില്ല. പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.

മുന്‍പ് മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടഞ്ഞിരുന്നു. 

കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സുവാന്‍യു പാകിസ്ഥാന്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് ഇമ്രാന്‍ ഖാനെയും സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളോടും മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതിര്‍ത്തിയ്ക്കപ്പുറം ജയ്‌ഷെ മുഹമ്മദ് ഭീകരപരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

2001-ല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനില്‍ നിരോധനം നേരിട്ട ജയ്‌ഷെ മുഹമ്മദാണ്, പിന്നീടങ്ങോട്ട് ഉറിയിലും പഠാന്‍കോട്ടിലും സൈനികക്യാംപുകളില്‍ നടത്തിയ ആക്രമണങ്ങളും ഏറ്റവും ഒടുവില്‍ പുല്‍വാമ ഭീകരാക്രമണവും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. 

അമേരിക്കയും, യുകെയും ഫ്രാന്‍സും ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പമാണ്. യഥാര്‍ഥത്തില്‍ മസൂദ് അസറിനെ ആഗോള തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചത് തന്നെ ഈ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ്. അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിയ്ക്ക് (1267 Al Qaeda Sanctions Committee) മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇതിനെ നേരത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.