ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾ മാർക്സിന്‍റെ ശവകുടീരം തകർത്ത നിലയിൽ

ലണ്ടൻ: കാൾ മാർക്സിന്‍റെ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം തകർത്ത നിലയിൽ. മാർകിസിന്‍റേയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും പേരുകളുള്ള മാർബിൾ ഫലകം ചുറ്റിക കൊണ്ട് തകർത്ത നിലയിലാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാർബിൾ ഫലകമാണിത്. ബ്രിട്ടീഷ് സർക്കാരിന്‍റെ ഗ്രേഡ് വൺ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് മാർകിസിന്‍റേത്. ഓരോ വർഷവും ലക്ഷകണക്കിനാളുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. ജർമൻ വിപ്ലവകാരിയും ദാർശനികനുമായ മാർക്സ് 1849 ലാണ് ലണ്ടനിലേക്ക് താമസം മാറിയത്. 
 
1883 മാർച്ച് 14 ന് തന്‍റെ 64ാം വയസിലാണ് മാർക്സ് മരിക്കുന്നത്. 1954 ൽ സ്മാരകത്തിൽ ശില ചേർത്ത് പുന:പ്രതിഷ്ഠിച്ചിരുന്നു. ഇതാണ് ചുറ്റികകൊണ്ട് നശിപ്പിച്ചത്. കാൾ മാർക്സിന്‍റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് കൂടുതൽ കേടുപാടുകൾ പറ്റിയത്. അറ്റകുറ്റപ്പണികൾ നടത്തിയാലും ചരിത്രസ്മാരകം പഴയപോലെ പുന:സ്ഥാപിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.