വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിഡ് അംഗീകരിച്ചു; കൈമാറ്റ നടപടികള്‍ ഉടന്‍ ആരംഭിക്കും

ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട 63കാരനായ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍. മല്യയെ കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിഡ് അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാന്‍ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പു കേസില്‍ അന്തിമവിധിക്ക് കാക്കാതെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.ഇന്ത്യയില്‍ ഒമ്പതിനായിരം കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ് മല്യ രാജ്യംവിട്ടത്. ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടന്‍ കോടതി അംഗീകരിച്ചിരുന്നു. 

ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്നു കഴിഞ്ഞ മാസം ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.