യുവതി പ്രവേശനത്തിനെതിരായ പരിപാടിയില്‍ പങ്കെടുത്തു; കാനഡയില്‍ ഇന്ത്യക്കാരൻ യാഷ് ശർമ്മയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

ശബരിമല യുവതി പ്രവേശനത്തിനെതിരായ പരിപാടിയില്‍ പങ്കെടുത്തതിന് പ്രവാസി ഇന്ത്യക്കാരന്റെ സ്ഥാനാര്‍ഥിത്വം നഷ്ടമായി. കാനഡയിലെ പ്രവാസി ഇന്ത്യക്കാരനായ യാഷ് ശര്‍മയ്ക്കാണ് സ്ഥാനാര്‍ഥിത്വം നഷ്ടമായത്. ആല്‍ബര്‍ട്ടയിലെ എഡ്മന്റന്‍ - എല്ലെര്‍സ്ലെ മണ്ഡലത്തിലെ ആല്‍ബര്‍ട്ട പാര്‍ട്ടിക്കാരനാണ് യാഷ് ശര്‍മ. 
 
 പരിപാടിയില്‍ പങ്കെടുത്തതിന് ശര്‍മ മാപ്പ് പറഞ്ഞെങ്കിലും തീരുമാനം മാറ്റാന്‍ നേതൃത്വം തയ്യാറായില്ല. അദ്ദേഹത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും നേതൃത്വം വ്യക്തമാക്കി. ശര്‍മയെ അയോഗ്യനാക്കിയ നടപടിക്കു പാര്‍ട്ടിയുടെ പ്രവിശ്യാ ബോര്‍ഡും നേതാക്കളും ഏകകണ്ഠമായാണു വോട്ട് ചെയ്തതെന്നും ആല്‍ബട്ട പാര്‍ട്ടിയുടെ ഇമെയില്‍ കുറിപ്പില്‍ അറിയിച്ചു. 
 
 യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതിക്കെതിരായ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ശര്‍മയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്ന് പാര്‍ട്ടി അറിയിക്കുകയായിരുന്നു. ശര്‍മയുടെ നീക്കങ്ങള്‍ ആല്‍ബര്‍ട്ട പാര്‍ട്ടിയുടെ മൂല്യങ്ങളുമായി ഒത്തുപോകില്ല. പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല.
 
സമത്വ വിഷയത്തിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശക്തമായ നേതൃത്വം സ്ഥാനാര്‍ഥികള്‍ പുലര്‍ത്തണം. വിഭാഗീയ കാഴ്ചപ്പാടുകളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.