ഏഴു പതിറ്റാണ്ടിനു ശേഷം മെക്സിക്കോ ചുവന്നു; ഇടത് നേതാവ്‌ ലോപസ് ഒബ്രദോർ പ്രസിഡന്റായി അധികാരമേറ്റു

ഏഴു പതിറ്റാണ്ടുകൾക്കുശേഷം മെക്സിക്കോയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ. പ്രസിഡൻറായി ഇടതു നേതാവ്‌ ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രദോർ(അംലോ) അധികാരമേറ്റു. മുൻ മെക്സിക്കോ സിറ്റി മേയർ കൂടിയാണ് 65കാരനായ ഒബ്രദോർ.
 
ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോർ അധികാരത്തിലേറുന്നത്. എതിരാളിയായ മുൻ പ്രസിഡൻറ് എൻറിക് പെന നീറ്റോക്ക് 24 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നവലിബറൽ നയങ്ങളുടെയും അമേരിക്കയുടെയും കടുത്ത വിമർശകൻ കൂടിയാണ്‌ ഒബ്രദോർ. 
 
സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്‌ത ഒബ്രദോർ നവലിബറൽ സാമ്പത്തിക നയങ്ങളെ രൂക്ഷമായ ഭാഷയിലാണ്‌ വിമർശിച്ചത്‌. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീർന്നിരിക്കുകയാണ്‌. നമ്മെ രക്ഷിക്കാനെന്ന പേരിൽ അവതിരിപ്പിച്ച ഊർജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉൽപ്പാദനം കുറയാനാണ്‌ ഇടയാക്കിയത്‌.  ഇന്ധന‐വൈദ്യുതി നിരക്ക് വർധനവിനും ഇത്‌ കാരണമായി. നിയോലിബറലിസത്തിന്‌ മുൻപ്‌ ഗ്യാസ്‌‐ഡീസൽ ഉൽപ്പാദനത്തിൽ നാം സ്വയം പര്യാപ്‌തരായിരുന്നെങ്കിൽ ഇന്ന്‌ നാം പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നു. ‐ ഒബ്രദോർ പറഞ്ഞു.