യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിനും റിപബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി

വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും റിപബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി.  എട്ട് വർഷത്തിന് ശേഷം റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. അതേസമയം, സെനറ്റിൽ റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.
 
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിക്കുമെന്നാണ് ഒടുവിൽ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ, കോളറാഡോ തുടങ്ങിയ സ്ഥലങ്ങളിൽ റിപബ്ലിക്കൻ പാർട്ടിയെ തകർത്ത് ഡെമോക്രാറ്റുകളാണ് മുന്നേറിയത്. സെനറ്റിൽ ഇന്ത്യാന, നോർത്ത് ഡക്കോട്ട തുടങ്ങിയ സീറ്റുകൾ ഡെമോക്രാറ്റുകളിൽ നിന്ന് റിപബ്ലിക്കൻ പാർട്ടി പിടിച്ചെടുത്തു. രണ്ട് വർഷത്തെ ഡോണാൾഡ് ട്രംപ് ഭരണത്തിെൻറ വിലയിരുത്തലാവും ഇടക്കാല തെരഞ്ഞെടുപ്പെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു.