അമേരിക്ക വഴങ്ങുന്നു; ഇറാനിൽ നിന്നും ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്‍റെ അനുമതി

ന്യൂയോർക്ക്: ഉപരോധം തുടർന്നാലും ഇറാനിൽ നിന്നും ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യക്ക് അമെരിക്കയുടെ അനുമതി. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്കാണ് ക്രൂഡോയിൽ വാങ്ങുന്നതിനു അനുമതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച്ച ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് വിവരം. യുഎസ് വിദേശകാര്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 
നവംബർ അഞ്ചു മുതൽ ഇറാനു മേൽ അമെരിക്കൻ ഉപരോധം നിലവിൽ വരാനിരിക്കെയാണ് തീരുമാനം. ഇന്ത്യയെ കൂടാതെ ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇറാനിൽ നിന്നു വൻതോതിൽ എണ്ണ ഇറക്കുമതി നടത്തുന്ന ചൈനയ്ക്ക് അമെരിക്ക ഇളവ് അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് അമെരിക്കൻ ഭരണകൂടവുമായി ചൈനീസ് അധികൃതർ ചർച്ചകൾ തുടരുന്നതായാണ് വിവരം.
 
കടുത്ത ഉപരോധത്തിലുടെ ഇറാൻ സമ്പദ്വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വൻതോതിൽ ഉയരാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് ചില രാജ്യങ്ങൾക്ക് ഇളവ് നൽകാൻ അമെരിക്ക തയാറായതെന്നാണ് സൂചന. അമെരിക്ക ഉപരോധം ഏർപ്പെടുത്തിയാലും ഇറാനിൽ നിന്നുള്ള ക്രൂഡോ‍യിൽ ഇറക്കുമതി പൂർണമായും നിർത്തിവയ്ക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.