188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു. 188 യാത്രക്കാരുമായി തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണത്. പ്രദേശിക സമയം രാവിലെ 6.20 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 6.33 നാണ് വിമാനവുമായി അവസാനം ആശയ വിനിമയം നടത്തിയത്. വിമാനം തകര്‍ന്നു വീണതായി റസ്‌ക്യൂ ഏജന്‍ജി വക്താവ് യൂസുഫ് ലത്തീഫാണ് സ്ഥിരീകരിച്ചത്.
 
ലയണ്‍ എയര്‍ കമ്പനിയുടെ ബോയിംഗ് 737 മാക്‌സ് 8 മോഡല്‍ വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കാല്‍ പിനാങ്കിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ജാവ കടലിന് സമീപത്ത് വച്ചാണ് വിമാനം കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 7.20ന് ബംഗ്കാ- ബെലിതംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. തകരുന്നതിന് മുമ്പ് പൈലറ്റ് അപായ സൂചനയൊന്നും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനുണ്ടായ കാരണവും അറിവായിട്ടില്ല. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പറന്നുയരുമ്പോൾ വിമാനത്തില്‍ 188 പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ലയണ്‍ എയര്‍ വക്താക്കള്‍ തയ്യാറായിട്ടില്ല.