അത് ഉത്തര കൊറിയ അല്ല...വാനാക്രൈ സൈബർ ആക്രമണത്തിന് പിന്നിൽ ചൈന എന്ന് പുതിയ നിഗമനം

ന്യൂയോർക്ക് : ആഗോളതലത്തിൽ ഉണ്ടായ വാനാക്രൈ റാൻസംവേർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഭാഷ സംസാരിക്കുന്നവരാണെന്ന് നിഗമനം. ഇതുവരെ ഉത്തരകൊറിയയാണ് ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് ലോകം കരുതിയിരുന്നത്.ബിസിനസ് റിസ്ക് ഇന്‍റലിജൻസ് സംഘമായ ഫ്ളാഷ് പോയിന്‍റിൽ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സൈബർ സെക്യൂരിറ്റി വിദഗ്ധർ ചൈനയാണ് പിന്നിൽ എന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.ഫയലുകൾ വിട്ടുനൽകുന്നതിനുള്ള മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന റാൻസം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് കുറ്റവാളികൾ ചൈനീസ് സംസാരിക്കുന്നവരാണെന്ന നിഗമനത്തിലെത്തിയത്.

28 ഭാഷകളിലുള്ള വാനാക്രൈയുടെ ചൈനീസ് വേർഷനിൽ മാത്രമാണ് കൃത്യമായ വ്യാകരണവും ഒഴുക്കുമുള്ള ഭാഷ കാണാനാകുന്നത്. അതിനാൽ റാൻസം നോട്ടീസ് എഴുതിയത് ചൈനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരായിരിക്കണം. മാത്രമല്ല ഈ ഭാഷകളിൽ ഇംഗ്ലീഷും ചൈനീസും മാത്രമാണ് മനുഷ്യരാൽ എഴുതപ്പെട്ടത്. മറ്റു ഭാഷകളുടെ വിവർത്തനത്തിന് ഗൂഗിൾ ട്രാൻസ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.