തമിഴ്നാട്ടിൽ പിടിമുറുക്കാൻ മോദി: ശ്രീലങ്കയിൽ തമിഴ് വംശജര്‍ക്കായി ഇന്ത്യ യുടെ വക 10,000 വീടുകളും മറ്റ് പദ്ധതികളുംപ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

തമിഴ്നാട്ടിൽ ബിജെപിയ്ക്ക് കൂടുതൽ സ്വാധീനമുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ശ്രീലങ്കയിലെ തമിഴർക്കും ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ച്  മോദിയുടെ ശ്രീലങ്കൻ സന്ദർശനം.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി  10,000 വീടുകൾ നിർമിക്കുമെന്നും  അടിയന്തര ആംബുലൻസ് സേവനം നീട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്ന് തമിഴ് ജനതയ്ക്കു പ്രധാനമന്ത്രി മോദി ഉറപ്പുകൊടുത്തു.
ശ്രീലങ്കൻ സന്ദർശനത്തിനിടയിലാണ്  മോദിയുടെ പ്രഖ്യാപനം. ദ്രാവിഡ കക്ഷികൾക്ക് ആഴത്തിൽ വേരോട്ടമുള്ള തമിഴ്നാട്ടിൽ BJP യ്ക്ക് സ്ഥാനം നേടാനുള്ള മോദിയുടെ നയതന്ത്രമാണ്  ഈ നീക്കത്തിന് പിന്നിൽ

ശ്രീലങ്കയ്ക്കു വേണ്ടി മറ്റു നിരവധി പദ്ധതികളും മോദി പ്രഖ്യാപിച്ചു. വൊക്കേഷനൽ ട്രെയിനിങ് സെന്ററുകൾ, 10 എഞ്ചിനീയറിങ് ട്രെയിനിങ് സെന്ററുകൾ, നൈപുണ്യ വികസനത്തിന് ലാബുകൾ, പ്ലാന്റേഷന്‍ സ്കൂളുകളിൽ കംപ്യൂട്ടർ, സയൻസ് ലാബുകളും സ്ഥാപിക്കുമെന്നും മോദി അറിയിച്ചു.
ശ്രീലങ്കയിലെ കൊളംബോയിൽനിന്ന് തന്റെ മണ്ഡലമായ വാരാണസിയിലേക്കു വിമാന സർവീസും മോദി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ വിമാനം പറന്നുതുടങ്ങും. ഇതോടെ, കാശി വിശ്വനാഥന്റെ ഭൂമിയിലേക്കു തമിഴ് സഹോദരങ്ങൾക്കു സന്ദർശനം നടത്താനാകുമെന്നു മോദി അറിയിച്ചു.