Advertisement
 
 
 

'മെസി...' അര്‍ജന്റീന വിളിക്കുന്നു

വിരമിക്കല്‍ തീരുമാനം ലയണല്‍ മെസി പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ ഫുട്ബോള്‍ലോകം. അര്‍ജന്റീനയ്ക്കുവേണ്ടി ഇനിയും കളിക്കണമെന്ന് മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിയോട് ആവശ്യപ്പെട്ടു. കോപ ഫൈനലിനുശേഷം അര്‍ജന്റീനയില്‍ തിരിച്ചെത്തിയ മെസിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. മെസി കളിനിര്‍ത്തരുതെന്ന ബാനറുകളുമായാണ് ആരാധകര്‍ എത്തിയത്. കോപയില്‍ ചിലിക്കെതിരെ ഫൈനലില്‍ തോറ്റശേഷമായിരുന്നു മെസിയുടെ രാജിപ്രഖ്യാപനം. മത്സരത്തില്‍ പെനല്‍റ്റിയും മെസി പാഴാക്കിയിരുന്നു.

അര്‍ജന്റീന പ്രസിഡന്റ് മൌറീസിയോ മാക്രിയും മെസിയോട് കളിനിര്‍ത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. മെസിയെ നേരിട്ടു ബന്ധപ്പെട്ട മാക്രി, തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടായിരുന്നുവെന്നായിരുന്നു മാക്രിയുടെ പ്രതികരണം. മെസി മികച്ച താരമാണ്. ടീം വിടേണ്ടതില്ല. വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കേണ്ട കാര്യവുമില്ല- മാക്രി ട്വിറ്ററില്‍ കുറിച്ചു.

ഈയൊരു തോല്‍വിയില്‍ മെസി വിരമിക്കരുതെന്നായിരുന്നു മാറഡോണയുടെ പ്രതികരണം. തോല്‍വിയെത്തുടര്‍ന്നുണ്ടായ വേദനയാകാം തീരുമാനത്തിനുപിന്നില്‍. ദേശീയ ടീമില്‍ മെസി തുടരണം. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുത്ത് കിരീടവും സ്വന്തമാക്കണം- മാറഡോണ പറഞ്ഞു.

ടീമിനെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന കളിക്കാരനാണ് മെസി. മറ്റു താരങ്ങളില്‍ ഊര്‍ജംനിറയ്ക്കാനാകുന്നു. മെസിയുടെ വിരമിക്കല്‍ എല്ലാം തകിടംമറിക്കും. അര്‍ജന്റീന ഫുട്ബോള്‍ദുരന്തമായി അവസാനിക്കുന്നതു കാണാന്‍കഴിയില്ലെന്നും മാറഡോണ വ്യക്തമാക്കി. മുമ്ബ് മെസിക്കെതിരെ കടുത്ത വിമര്‍ശമാണ് മാറഡോണ ഉന്നയിച്ചത്. മെസിക്ക് നേതൃഗുണമില്ലെന്നായിരുന്നു വിമര്‍ശം. കൂടാതെ, കപ്പ് നേടാതെ നാട്ടിലേക്ക് തിരിച്ചുവരേണ്ടതില്ലെന്നും മാറഡോണ പറഞ്ഞിരുന്നു.

മെസിക്കുപിന്നാലെ മാറഡോണയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെ വിമര്‍ശിച്ചു. അര്‍ജന്റീന ഫുട്ബോളില്‍ സംഭവിക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്-മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. മെസിയുടെ വിരമിക്കല്‍ അര്‍ജന്റീന ഫുട്ബോളിനെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന. മെസിക്കുപുറമെ കൂട്ടുകാരായ സെര്‍ജിയോ അഗ്വേറോ, ഗൊണ്‍സാലോ ഹിഗ്വെയ്ന്‍, ഹാവിയര്‍ മഷെറാനോ, ഏഞ്ചല്‍ ഡി മരിയ, ലൂക്കാസ് ബിലിയ തുടങ്ങിയവരും ദേശീയ ടീം വിടാനുള്ള ഒരുക്കത്തിലാണ്. 2018ലെ റഷ്യ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കവെയാണ് ഈ തീരുമാനം. കളിക്കാര്‍ കൂട്ടമായി രാജിവച്ചാല്‍ അര്‍ജന്റീനയുടെ യോഗ്യതയെതന്നെ അതു ബാധിക്കും. മെസിയുടെ തീരുമാനം ഏതുവിധേനയും പിന്‍വലിപ്പിക്കാനാകും ഇനി അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ശ്രമിക്കുക.

സ്പോണ്‍സര്‍ സമ്മതിക്കുമോ?

ബ്യൂണസ് ഐറിസ്> രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ലയണല്‍ മെസിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സൂചന. സ്പോണ്‍സര്‍മാരുടെ സമ്മര്‍ദം അതിജീവിക്കാന്‍ മെസിക്ക് കഴിയുമോ എന്നതാണ് ചോദ്യം. അഡിഡാസാണ് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. മെസിയെ മുന്നില്‍ക്കണ്ടാണ് അഡിഡാസ് അര്‍ജന്റീന ടീമിന്റ പ്രധാന സ്പോണ്‍സറായി എത്തിയിരിക്കുന്നത്. ഇതുകൂടാതെ മെസിയുമായി കമ്ബനിക്ക് പ്രത്യേക കരാറുമുണ്ട്. മെസിയുടെ വിരമിക്കലിനെക്കുറിച്ച്‌ അഡിഡാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2022വരെയാണ് അഡിഡാസ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മെസിയുമായി വര്‍ഷത്തില്‍ 67 കോടി രൂപയുടെ കരാറാണ് അഡിഡാസ് ഒപ്പിട്ടിരിക്കുന്നത്.

Advertisement
Advertisement