അഞ്ജു ഖേലോ ഇന്ത്യ നിര്‍വാഹക സമിതിയില്‍

ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായി നിയമിച്ചു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ജുവിനു പുതിയ പദവി നല്‍കിയത്. കേന്ദ്ര സ്പോര്‍ട്സ് സെക്രട്ടറി സെക്രട്ടറി രാജീവ് യാദവ് അധ്യക്ഷനായ ഏഴംഗ സമിതിയില്‍ കായികരംഗത്തു നിന്ന് അഞ്ജുവിനെ കൂടാതെ ബാഡ്്മിന്റണ്‍ ദേശീയ കോച്ച്‌ പുല്ലേല ഗോപിചന്ദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കായികരംഗത്തെ അടിസ്ഥാന സൌകര്യ വികസനത്തിനും പഞ്ചായത്തു തലം മുതല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഖേലോ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്നത്. രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ എന്ന പദ്ധതി അടുത്തിടെ ഖേലോ ഇന്ത്യ എന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.