Advertisement
 
 
 

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴസ്; ഫെഡററെ പരാജയപ്പെടുത്തി ഡൊമനിക് തീം ചാമ്പ്യന്‍



കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയന്‍ താരം ഡൊമനിക് തീം ചാമ്പ്യനായി. ഫൈനലില്‍ ഇതിഹാസതാരം റോജര്‍ ഫെഡററെ 3-6, 6-3, 7-5 എന്ന സ്‌കോറിനാണ് തീം തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടമെന്ന നേട്ടത്തിലെത്താന്‍ ഫെഡറര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, ഇതാദ്യമായാണ് ഡൊമനിക് തീം ഒരു മാസ്റ്റേഴ്സ് 1000 ടൈറ്റില്‍ ജേതാവാകുന്നത്. സെമിയില്‍ നദാല്‍ പിന്മാറിയതിനാല്‍ നേരിട്ട് ഫൈനലിലെത്തിയ ഫെഡറര്‍ക്ക് തീമിനെതിരെ മൂന്നാം സെറ്റില്‍ അടിതെറ്റുകയായിരുന്നു. 

ആദ്യ സെറ്റ് അനായാസം നേടിയതോടെ ഫെഡറര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും രണ്ടാം സെറ്റില്‍ അടിതെറ്റി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ വരുത്തിയ അനാവശ്യ പിഴവുകളാണ് ഫെഡറര്‍ക്ക് വിനയായത്. ഫെഡററുമായുള്ള ഏറ്റമുട്ടല്‍ സന്തോഷകരമാണെന്നാണ് മത്സരശേഷം ഡൊമനിക് തീം പ്രതികരിച്ചത്. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡററില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നേക്കാള്‍ 88 കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമാണ് ഫെഡറര്‍. ഇനിയും കൂടുതല്‍ കാലം ഫെഡറര്‍ കളിക്കണമെന്നും അങ്ങിനെയെങ്കില്‍ ഫൈനലുകളില്‍ ഇനിയും കാണാമെന്നും തീം പറഞ്ഞു.