Advertisement
 
 
 

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍; സുരേഷ് റെയ്‌നയുടെ റിക്കോഡ് തകര്‍ത്ത് വനിതാ താരം സ്മൃതി മന്ദാന

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാന പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ക്യാപറ്റന്‍ കൂടിയാണ് 22 കാരിയായ സ്മൃതി. ആദ്യ കളിയില്‍ ഇംഗ്ലണ്ട് 41 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്സ് ആറു വിക്കറ്റിന് 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റം തോല്‍വിയില്‍ കലാശിച്ചെങ്കിലും റെക്കോര്‍ഡ് കുറിക്കാനായത് സ്മൃതിക്ക് ആശ്വാസമാവും. ഇന്ത്യന്‍ പുരുഷ ടീമിലെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയുടെ റെക്കോര്‍ഡാണ് സ്മൃതി തിരുത്തിക്കുറിച്ചത്.

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്മൃതി തന്റെ പേരിലാക്കിയത്. 23ാം വയസ്സില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ച റെയ്നയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. ഏറെക്കാലം ഇളക്കമില്ലാതെ നിന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കുമൂലം പിന്‍മാറിയതോടെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ സ്മൃതിക്കു നറുക്കുവീണത്.

Advertisement
Advertisement