ഓസ്‌ട്രേലിയക്കെതിരെ കോലിയും ബുംറയും ടീമില്‍ തിരിച്ചെത്തി; കാര്‍ത്തിക് പുറത്ത്


മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടി20 മത്സരങ്ങള്‍ക്കും ഏകദിനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിലെ അവസാന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഏകദിന ടീമില്‍ നിന്നും ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കി. ടി20യില്‍ യുവ സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെയ്ക്ക് ഇതാദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുകയും ചെയ്തു. 

ടി20 ടീമിലേക്ക് ഉമേഷ് യാദവിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെ പ്രത്യേകമായാണ് പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക് ടി20 പരമ്പരയില്‍ കളിക്കുമ്പോള്‍ ഏകദിനങ്ങളില്‍ കളിക്കില്ല. മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ മായങ്ക് മാര്‍ഖണ്ഡെ കഴിഞ്ഞദിവസം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുംറയും കെ എല്‍ രാഹുലും തിരിച്ചെത്തി 

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന ഏകദിന ടി20 പരമ്പരയില്‍ നിന്നും വിശ്രമം നല്‍കിയ ബുംറയുടെ മടങ്ങിവരവും പ്രതീക്ഷിച്ചതാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം അവസരം നല്‍കിയിട്ടുണ്ട്. അച്ചടക്ക നടപടിയെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ കെഎല്‍ രാഹുല്‍ ഏകദിന ടി20 ടീമില്‍ തിരിച്ചെത്തി.