ഓസ്ട്രേലിയന്‍ കളിക്കാരെ കുട്ടികളാക്കി സെവാഗിന്റെ പരസ്യം; മുന്നറിയിപ്പുമായി ഹെയ്ഡന്‍

ന്യൂഡല്‍ഹി: ഓസ്ട്രേലിയ ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കെത്തുന്നതിന് മുന്‍പ് അവരെ കുട്ടികളാക്കി പരിഹസിക്കുന്ന വിരേന്ദര്‍ സെവാഗിന്റെ പരസ്യത്തിന് മുന്നറിയിപ്പുമായി ഓസീസ് താരം മാത്യു ഹെയ്ഡന്‍. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കായി സ്റ്റാര്‍ സ്പോര്‍ട്സ് തയ്യാറാക്കിയ പരസ്യത്തിലാണ് സെവാഗ് ഓസ്ട്രേലിയന്‍ ജഴ്സിയണിഞ്ഞ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന രീതിയില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഓസ്ട്രേലിയയില്‍ പോയപ്പോള്‍ അവര്‍ തങ്ങളോട് ബേബി സിറ്റര്‍(കുട്ടികളെ നോക്കുന്നയാള്‍) ആകാമോ എന്ന് ചോദിച്ചു, ഞങ്ങള്‍ പറഞ്ഞു തീര്‍ച്ചയായും നോക്കാം എല്ലാവരും വന്നോളൂ എന്ന്' എന്നാണ് സെവാഗ് പരസ്യത്തില്‍ പറയുന്നത്. ഓസ്ട്രേലിയന്‍ ടീം കുട്ടികളെപ്പോലെയാണെന്നും തങ്ങള്‍ക്ക് അവര്‍ എതിരാളികളേ അല്ലെന്നും സൂചിപ്പിക്കുന്നതാണ് സെവാഗിന്റെ പരസ്യം.