അയര്‍ലന്‍ഡിനെ സമനിലയിൽ തളച്ചുകൊണ്ട് വനിതാ ഹോക്കിയില്‍ വീണ്ടും ഇന്ത്യയുടെ മിന്നുന്ന പ്രകടനം

മാഡ്രിഡ്: വനിതാ ഹോക്കിയില്‍ സ്‌പെയിനിനെതിരായ പരമ്പര സമനിലയിലാക്കിയ ഇന്ത്യന്‍ ടീം വീണ്ടും മിന്നുന്ന പ്രകടനം പുറത്തെടുത്തു. ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയ അയര്‍ലന്‍ഡിനെതിരെ 1-1 എന്ന നിലയില്‍ ഇന്ത്യന്‍ ടീം സമനിലയില്‍ തളയ്ക്കുകയായിരുന്നു. ആക്രമിച്ചു കളിച്ച അയര്‍ലന്‍ഡിനെതിരെ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. 
 
ഡ്രാഗ്ഫ്‌ളിക്കര്‍ ഗുര്‍ജിത് കൗര്‍ ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കി. പതിനെട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു ഗുര്‍ജിത് കൗറിന്റെ ഗോള്‍. ഗോള്‍ വീണതോടെ അയര്‍ലന്‍ഡ് കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, ഇന്ത്യന്‍ പ്രതിരോധ താരങ്ങള്‍ അയര്‍ലന്‍ഡ് മുന്നേറ്റത്തെ ചെറുത്തു. തുടരെയുള്ള ആക്രമണങ്ങള്‍ക്കിടെ അയര്‍ലന്‍ഡ് സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. 45-ാം മിനിറ്റില്‍ സാറ ഹ്വാക്ഷാ ആണ് ഗോള്‍ സ്‌കോറര്‍.