Advertisement
 
 
 

ഇന്ത്യയെ 92 റണ്‍സില്‍ എറിഞ്ഞിട്ടു; നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ ജയം

ഹാമില്‍റ്റണ്‍: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ ജയം. പരമ്പരയിലെ അപ്രസക്തമായ മല്‍സരത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് കിവീസ് നാണംകെടുത്തുകയായിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 92 റണ്‍സിന് എറിഞ്ഞിട്ട ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് പുറത്തായത്. 

റോസ് ടെയ്ലറും (37*) ഹെന്റി നിക്കോള്‍സും (30*) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യ മൂന്നു കളികളിലും ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭരായ കിവികളുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് കൂടാരം കയറി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനമാണിത്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്. 

പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തീപ്പൊരി ബൗളിങാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയെ നാണംകെടുത്തിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. 18 റണ്‍സുമായി പുറത്താവാതെ നിന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ്സ്‌കോററായത്. ഹര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), ശിഖര്‍ ധവാന്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7), അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (9), അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് (ഇരുവരും പൂജ്യം), കേദാര്‍ ജാദവ് (1), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ചു വിക്കറ്റ് കൊയ്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം മികച്ച പിന്തുണ നല്‍കി.





Advertisement
Advertisement