ഇന്ത്യന്‍ ടീമിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ആരാധകര്‍ക്ക് നല്‍കി ന്യൂസിലന്‍ഡ് പോലീസ്

ബേ ഓവല്‍: ന്യൂസിലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും ആതിഥേയരെ നിലംപരിശാക്കി കുതിക്കുകയാണ് ഇന്ത്യ. നേപ്പിയറിലും മൗണ്ട് മൗന്‍ഗനൂയിയിലും നടന്ന ഏകദിനങ്ങളില്‍ ഇന്ത്യ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കിയില്ല. മൂന്നാം മത്സരം നടക്കാനിരിക്കെ ന്യൂസിലന്‍ഡ് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ തമാശക്കുറിപ്പില്‍ ഇന്ത്യയെ സൂക്ഷിക്കണമെന്നാണ് ന്യൂസിലന്‍ഡ് പോലീസിന്റെ മുന്നറിയിപ്പ്. 
 
നേപ്പിയറിലും മൗണ്ട് മൗന്‍ഗനൂയിയിലും നിഷ്‌കളങ്കരായ ന്യൂസിലന്‍ഡ് ആരാധകരെ ഒരുസംഘം കൈയ്യേറ്റം ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ സൂക്ഷിക്കണമെന്നുമാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ചും ബാറ്റും ബോളുമായി ഇറങ്ങുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒപ്പം ഇന്ത്യന്‍ ടീമിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.