സിഡ്നി ടെസ്റ്റ്‌: ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വന്‍ സ്‌കോറിലേക്കു നീങ്ങുന്നു

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വന്‍ സ്‌കോറിലേക്കു നീങ്ങുന്നു. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 389 റണ്‍സ് നേടിയിട്ടുണ്ട്. മിന്നുന്ന ഫോമില്‍ ബാറ്റ് വീശുന്ന ചേതേശ്വര്‍ പുജാരയോടൊപ്പം (182*) റിഷഭ് പന്താണ് (27*) ക്രീസിലുള്ളത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിക്കഴിഞ്ഞു. 332 പന്തില്‍ 21 ബൗണ്ടറികളോടെയാണ് പുജാര 181 റണ്‍സ് നേടിയത്. രണ്ടാംദിനം ഹനുമാ വിഹാരിയുടെ (42) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റിന് 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്.
 
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു മായങ്ക് അഗര്‍വാള്‍ (77), ലോകേഷ് രാഹുല്‍ (9), ക്യാപ്റ്റന്‍ വിരാട് കോലി (23), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം നഷ്ടമായത്. കന്നി ടെസ്റ്റില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ അഗര്‍വാള്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ച്വറിയുമായി മിന്നി. 109 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.