ഓസ്‌ട്രേലിയയെക്കാള്‍ മികച്ചവര്‍ ഞങ്ങള്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഇന്ത്യ. മൂന്നു മത്സരങ്ങളിലും ആധിപത്യം സ്ഥാപിച്ചശേഷമാണ് അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ നാലു റണ്‍സിനാണ് തോറ്റതെങ്കില്‍ രണ്ടാം മത്സരത്തില്‍ മഴ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തി. മൂന്നാം മത്സരം ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കുകയും ചെയ്തു.
 
വിരാട് കോലിയുടെ അര്‍ധശതകവും ബൗളര്‍ ക്രുനാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ ജയത്തിന് ആധാരമായത്. കളിക്കാരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയാണ് ഓസ്‌ട്രേലിയയേക്കാള്‍ മികച്ചവരെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോലി പറഞ്ഞു. ബൗളിങ്ങില്‍ തങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത പുലര്‍ത്താനായി. 180 എങ്കിലും എടുക്കാമായിരുന്ന പിച്ചിലാണ് ഓസീസിനെ 164ല്‍ തളച്ചതെന്നും കോലി ചൂണ്ടിക്കാട്ടി. 
 
ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ആറ് ഓവര്‍ കഴിയുമ്പോഴേക്കും ഇന്ത്യ 67 റണ്‍സെടുത്തിയിരുന്നു. ഓപ്പണര്‍മാരും ബൗളര്‍മാരുമാണ് ഇന്ത്യയ്ക്ക് വിജയമൊരിക്കയതെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം. ധവാനും രോഹിത്തും മടങ്ങിയശേഷം കോലി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കെ എല്‍ രാഹുലിനും ഋഷഭ് പന്തിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന് പിന്തുണ നല്‍കി.