ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സ്വപ്‌ന ബര്‍മന് അഡിഡാസ് നല്‍കുന്നത് പ്രത്യേക രൂപകല്‍പ്പന ചെയ്ത ഏഴു ജോഡി ഷൂസുകള്‍

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍താരമെന്ന ബഹുമതി സ്വന്തമാക്കിയ സ്വപ്‌ന ബര്‍മന് അഡിഡാസിന്റെ വക പ്രത്യേക സമ്മാനം. ഹെപ്റ്റാത്തലണിലെ ഏഴ് ഇനങ്ങള്‍ക്കും അനുയോജ്യമായ ഏഴു ജോഡി ഷൂസ് ആണ് താരത്തിനായി നല്‍കുക. ഓരോ കാലിനും ആറു വിരലുകള്‍വീതമുള്ള സ്വപ്‌നയ്ക്കായി പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഷൂസുകള്‍. കാലിന് പാകമാകാത്ത ഷൂസുകളിട്ടായിരുന്നു സ്വപ്‌ന ഇതുവരെ ഓടിക്കൊണ്ടിരുന്നത്. ഇത് അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. 
 
ഇക്കാര്യം പരിശോധിച്ച അഡിഡാസ് അവരുടെ കാലിന്റെ അളവുകള്‍ വിശദമായി പരിശോധിച്ചശേഷമാണ് പ്രത്യേകമായി ഷൂസുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ രണ്ടുമാസമായി സ്വപ്‌നയ്ക്കായി അഡിഡാസ് ഷൂസിനായുള്ള പരിശ്രമത്തിലായിരുന്നു. ഒളിമ്പിക്‌സ് സ്വര്‍ണമാണ് തന്റെ ലക്ഷ്യമെന്ന് സ്വപ്‌നയും പ്രതികരിച്ചു. അഡിഡാസിന്റെ പുതിയ ഷൂസുമായി പരിശീലനം തുടങ്ങാന്‍ പോവുകയാണ്. തന്റെ കായികശേഷിക്ക് ഇത് ഗുണകരമാകുമെന്നാണ് വിശ്വാസമെന്നും സ്വപ്‌ന പറഞ്ഞു.