ട്വന്റി20യിലും വിന്‍ഡീസിനെ തകര്‍ത്ത് ടീം ഇന്ത്യ കുതിപ്പ് തുടരുന്നു

കൊല്‍ക്കത്ത: ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ഈഡന്‍ ഗാര്‍ഡനില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ട്വന്റി20യിലും ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ത്യന്‍ വാലറ്റനിര വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേയാണ് നിലവിലെ ടി-ട്വന്റി ലോക ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസ് മല്‍സരത്തില്‍ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
 
നാലിന് 45 റണ്‍സെന്ന നിലയിലേക്ക് വീണെങ്കിലും വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റേയും (31*) അരങ്ങേറ്റക്കാരനായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെയും (21*) ഇന്നിങ്‌സുകള്‍ കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യ വിജയത്തിലെത്തിക്കുകയായിരുന്നു. ബൗളിങില്‍ നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പിഴുത ക്രുനാല്‍ ബാറ്റിങിലും തന്റെ ഓള്‍റൗണ്ട് മികവ് കാഴ്ചവച്ചു. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്. 34 പന്ത് നേരിട്ട കാര്‍ത്തികിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. മനീഷ് പാണ്ഡെ (19), ലോകേഷ് രാഹുല്‍ (16) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.