കാര്യവട്ടം ഏകദിനം; ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ ഒന്‍പത് വിക്കറ്റിന്‍റെ അനായാസ ജയ൦

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയ൦. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയക്കൊടി പാറിച്ചത്. 45 പന്തില്‍ നിന്നും രോഹിത് ശര്‍മ്മ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ധവാന്‍ ആറ് റണ്‍സും വീരാട് 33 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്.10-ാം ഓവറില്‍ അമ്പതും 15-ാം ഓവറില്‍ 100 റണ്‍സും പിന്നിട്ട ഇന്ത്യ 15ാം ഓവറില്‍ തന്നെ വിജയവും അടിച്ചെടുത്തു. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി. 
 
ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്‍റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബൂംമ്ര ബൗള്‍ഡാക്കി. ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കിയത്. രവീന്ദ്ര ജഡേജ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടിയ മത്സരത്തിൽ മൂന്ന് വിൻഡീസ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡാണ് ടോപ് സ്കോറർ. മർലൻ സാമ്വൽസ്24 ഉം റോവ്മാൻ പവൽ 16 ഉം റൺസെടുത്തു.
 
ഒന്നിനെതിരെ മൂന്ന് ജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ഒന്നാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരം ടൈയായി. മൂന്നാമത്തെ മത്സരത്തിൽ വിൻഡീസ് ജയിച്ചെങ്കിലും തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇത് സ്വന്തം മണ്ണിലുള്ള ഇന്ത്യയുടെ തുടർച്ചയായ ആറാം ഏകദിന പരമ്പര ജയമാണ്.