പരമ്പര നേടാന്‍ നാളെ ടീം ഇന്ത്യ തിരുവനന്തപുരത്ത്; ഗംഭീര വരവേല്‍പ്പോടെ തലസ്ഥാനം

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം തുടങ്ങുന്നത്. പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യ ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുക. എന്നാല്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര 2-2ന് സമനിലയിലാക്കുകയാവും വിന്‍ഡീസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ടീമിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
 
മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ വമ്പന്‍ ജയം നേടാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ഇതേ പ്രകടനം തിരുവനന്തപുരത്തും ആവര്‍ത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോലിയും സംഘവും. ആദ്യ ഏകദിനത്തില്‍ വമ്പന്‍ ജയവുമായി തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ സമനിലയും മൂന്നാം മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയുമേറ്റുവാങ്ങിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.