ഇന്ത്യൻ സൂപ്പർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ടിക്കറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് നല്‍കി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന്‍റെ  അഞ്ചാം സീസണിലെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. പ്രളയകാലത്ത് നാടിന്‍റെ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികൾക്ക് ടിക്കറ്റ് നൽകികൊണ്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, എറണാകുളം ജില്ലാ കലക്റ്റർ മുഹമ്മദ് വൈ. സഫീറുള്ളയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചത്.
 
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളാണ് ഈ വർഷം ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഈ മാസം 14 മുതൽ 24 വരെ ടിക്കറ്റുകൾക്ക് നിരക്ക‌് ഇളവ് നൽകും. കൊച്ചി വേദിയാകുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ  24 നു മുൻപ് തന്നെ പ്രത്യേക ഇളവിൽ ഓൺലൈനിൽ ബുക്കു ചെയ്യാം.
 
ഓൺലൈൻ ടിക്കറ്റുകൾക്ക് പേടിഎമ്മുമായി അടുത്ത മൂന്ന് സീസണുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് ധാരണയിലെത്തിയിട്ടുണ്ട്. Http://paytm.com/events/kochi/football-isl, Http:/insider.in/isl-kerala-blasters-fc/article എന്നിവ വഴി ഓൺലൈനിൽ ടിക്കറ്റ് വാങ്ങാം. ഓൺലൈൻ ടിക്കറ്റുകൾ മാറ്റുന്നതിന്  ക്യൂ നിൽക്കേണ്ടിവരില്ല. ഇ-ടിക്കറ്റുകൾ സ്റ്റേഡിയത്തിലെ കൗണ്ടറിൽ സ്കാൻ ചെയ്ത് ആരാധകർക്ക് നേരിട്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.