' ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്' ; വിശ്വനാഥന്‍ ആനന്ദിന് റഷ്യയുടെ ആദരം

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് നല്‍കി ആദരിച്ചു. ചെന്നൈയിലെ റഷ്യന്‍ സെന്‍ററില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്. റഷ്യന്‍ കോണ്‍സല്‍ ജനറല്‍ സെര്‍ജി കൊട്ടോവ് ആന്‍ഡിനാണ് പുരസ്‌കാരം സമ്മാനിച്ചത്.
 
തമിഴ് നാട് കായിക മന്ത്രി പി.ബാലകൃഷ്ണ റെഡ്ഡി, റഷ്യന്‍ സെന്‍റര്‍ ഓഫ് സയന്‍സ് ആന്‍ഡ്‌ കള്‍ചര്‍ ഡയറക്ടര്‍ ഗെന്നഡില്‍ എ റോഗളെവ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ആനന്ദ് 1986 ലെയും 2012 ലെയും റഷ്യന്‍ സന്ദര്‍ശനത്തെ കുറിച്ച്‌ മനസ് തുറന്നു. തന്‍റെ റഷ്യന്‍ എതിരാളികളുമായുള്ള ബന്ധത്തെ കുറിച്ച വാചാലനായ ആനന്ദ് റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനെ കണ്ട അനുഭവവും പങ്ക് വെച്ചു.
 
ചെസ്സിലെ എയ്സ് എന്നറിയപ്പെടുന്ന വിശ്വനാഥൻ ആനന്ദിന് ഈ പുരസ്കാരം സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കായികമേഖലയിലെ ഇന്തോ-റഷ്യൻ ബന്ധത്തെ ഇത്  ദൃഢപ്പെടുത്തുമെന്നും പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കവെ കൊട്ടോവ് പറഞ്ഞു.