ഐലീഗില്‍ കോഴ വാഗ്ദാനം; ബജാജ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും പരാതി നല്‍കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗായ ഐലീഗില്‍ കോഴ വാഗ്ദാനമെന്ന് ആരോപണം മിനര്‍വ്വ പഞ്ചാബ് താരങ്ങള്‍ക്കാണ് കോഴ വാഗ്ദാനം ലഭിച്ചിരിക്കുന്നതെന്നാണ് ടീം ഉടമ രഞ്ജിത്ത് ബജാജിന്റെ വെളിപ്പെടുത്തല്‍. താന്‍ ഇത് മുന്‍ നിര്‍ത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം രഞ്ജിത്ത് പുറത്ത് വിട്ടത്.
 
ഒരു സീസണ്‍ മാത്രം കളിച്ച പരിജയമുള്ള മിനര്‍വ്വ പഞ്ചാബ് നിലവില്‍ ലീഗിന്റെ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ പരിജയസമ്പന്നരായ പല വമ്പന്‍ ക്ലബ്ബുകളെയും കടത്തിവെട്ടിയാണ് മിനര്‍വ്വ ഒന്നാമതെത്തിയിരിക്കുന്നത്. മുപ്പത് ലക്ഷത്തോളം രൂപയാണ് താരങ്ങള്‍ക്ക് കോഴ വാദ്ഗാനം ആയി വന്നിരിക്കുന്നത് എന്ന് ടീം ഉടമ പറയുന്നു ട്വിറ്ററില്‍ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയ ഓണ്‍ലൈന്‍ പരാതിയുടെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്ക് വെച്ചാണ് രഞ്ജിത്ത് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഫുട്ബോളിനെ നശിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് രഞ്ജിത് ആവശ്യപ്പെടുകയും ചെയ്തു.