100 ഐഎസ് കമാന്‍ഡര്‍മാര്‍ മൊസൂള്‍ വിട്ടു

ബാഗ്ദാദ്: ഇറാക്ക് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്നു മൊസൂള്‍ നഗരത്തില്‍നിന്നു 100ല്‍ അധികം ഐഎസ് കമാന്‍ഡര്‍മാര്‍ പലായനം ചെയ്തു. ഇവര്‍ സിറിയയിലേക്കാണു കടന്നതെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.

മൊസൂള്‍ പിടിക്കാന്‍ തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തില്‍ ഇറാക്ക് സ്പെഷല്‍ സേനയും ചേര്‍ന്നു. വിചാരിച്ചതിലും വേഗം നഗരം കീഴടക്കാനാവുമെന്നു പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. നഗരപ്രാന്തത്തിലെ 20 ഗ്രാമങ്ങള്‍ ഇതിനകം പിടിച്ചു. ഷിയാ. കുര്‍ദ് സൈനികര്‍ യോജിച്ചാണു പോരാട്ടം നടത്തുന്നതെന്നും പാരീസില്‍ സമ്മേളിച്ച പാശ്ചാത്യ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത അല്‍ അബാദി ചൂണ്ടിക്കാട്ടി.

മൊസൂളില്‍നിന്നു പലായനം ചെയ്യുന്ന ഭീകരര്‍ സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖായിലേക്കാണു പോകുന്നതെന്നും റാഖാകൂടി കീഴടക്കേണ്ടത് ആവശ്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് യോഗത്തില്‍ പറഞ്ഞു.