6.7 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ബമ്ബര്‍ തീപിടിച്ച വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്ക്

ദുബായ്: തിരുവനന്തപുരത്തുനിന്നും ദുബായിലേക്കുള്ള വിമാനത്തില്‍ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ട തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിള വീട്ടിലെ മുഹമ്മദ് ബഷീറിന് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബമ്ബര്‍ സമ്മാനം.

പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 6.7 കോടി രൂപ) ആണ് സമ്മാനത്തുക. അല്‍ഖൂസിലെ അല്‍തായര്‍ മോട്ടോര്‍സിലെ ഫ് ളാറ്റ് സെയില്‍സ് കോഓര്‍ഡിനേറ്ററായ ബഷീര്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയപ്പോഴാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യടിക്കറ്റെടുത്തത്.

പെരുന്നാള്‍ അവധികഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുനിന്ന് കയറിയ ബഷീര്‍ ദുബായ് വിമാനത്താവളത്തിലെ തീപിടിത്തതില്‍നിന്നും രക്ഷപ്പെട്ടിരുന്നു.

പതിനേഴുവര്‍ഷമായി ബഷീര്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നു. എന്നെങ്കിലും ഭാഗ്യം തന്നെതേടിവരുമെന്ന പ്രതീക്ഷയില്‍ എല്ലാതവണയും നാട്ടില്‍ പോകുമ്ബോള്‍ ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണയും അതിനായി ആയിരം ദിര്‍ഹം (18,000 രൂപയിലേറെ) ബഷീര്‍ ചെലവിട്ടു. അത് കോടീശ്വരനുമാക്കിയെന്ന് ബഷീര്‍ പറയുന്നു.

37 വര്‍ഷമായി ദുബായിലാണ് തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിള വീട്ടിലെ മുഹമ്മദ് ബഷീര്‍ എന്ന അമ്ബത്തൊമ്ബതുകാരന്‍. ''അധ്വാനിക്കാന്‍ കഴിയുന്നതുവരെ ജോലിചെയ്യും. ലോട്ടറി അടിച്ചതുകൊണ്ട് ജോലി മതിയാക്കില്ല. നല്ലകാര്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കണം. എനിക്ക് ബോധ്യപ്പെട്ട സത്കര്‍മങ്ങള്‍ക്കാവും അത്. അല്ലാതെ ആര്‍ക്കെങ്കിലും ചാരിറ്റി എന്നപേരില്‍ സംഭാവന ചെയ്യാന്‍ ഞാനില്ല'' ബഷീര്‍ പറയുന്നു.

1978ല്‍ ഇന്ത്യാപാക് യുദ്ധത്തിനുശേഷം മുംബൈയില്‍നിന്ന് ദുബായിലേക്കുള്ള ആദ്യത്തെ പാക് വിമാനത്തിലെ യാത്രക്കാരനായാണ് തൊഴില്‍തേടി ബഷീര്‍ ദുബായിലെത്തുന്നത്. 1995 മുതല്‍ അല്‍ തായറില്‍ത്തന്നെ ജോലി. ഭാര്യയും രണ്ടുമക്കളും നാട്ടില്‍.