Advertisement
 
 
 

കമ്പനി തകര്‍ന്നതോടെ വരുമാനം നിലച്ചു; ശമ്പളം ലഭിക്കാതെ ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ 300 തൊഴിലാളികള്‍ സൗദിയില്‍ ദുരിതത്തില്‍

അല്‍ കോബാര്‍: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ പതിനൊന്നു മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. അല്‍ കോബാര്‍ റാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ ബിന്‍ ഹസ്സ കമ്പനിയിലെ തൊഴിലാളികളുടേതാണ് ഈ അവസ്ഥ. മുന്‍പ് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഉടമയുടെ മരണശേഷം നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ജോലിക്കാരുടെ ശമ്പളം ഉള്‍പ്പെടെ മറ്റു ആനുകൂല്യങ്ങള്‍ ഒന്നും കൊടുക്കാന്‍ കഴിയാതെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ് കമ്പനി.

ഇന്ത്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ ജോലിക്കാരാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള കമ്പനി സൈറ്റുകളില്‍ ഉള്ളത്. ആഹാരത്തിനു പോലും പണമില്ലാതെ വിഷമിക്കുകയാണിവര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാത്തതിനാല്‍ രോഗികളായവര്‍ക്ക് ചികിത്സയും ലഭിക്കുന്നില്ല. സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ചിലര്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കികാന്‍ തയാറായെങ്കിലും കമ്പനി സര്‍ക്കാരിന് പാപ്പര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള ഹര്‍ജി നല്‍കി സാവകാശം വാങ്ങിയിരിക്കുകയാണ്. ഇതിനാല്‍ കേസുകളും തീരുമാനമാകാതെ അനന്തമായി നീണ്ടു പോകുന്നു.

നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറും രക്ഷാധികാരി ഷാജി മതിലകവും കേസില്‍ ഇടപെട്ടു ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവന്നിട്ടുണ്ട്. നടപടികള്‍ പുരോഗമിക്കുന്നതായി എംബസി അധികൃതര്‍ അറിയിച്ചു.