Advertisement
 
 
 

പ്രവാസികളെ എല്ലാ രീതിയിലും ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്; സ്വാഗതം ചെ‌യ്‌ത് ഗള്‍ഫിലെ മലയാളി സമൂഹം

പ്രവാസികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌ത് പ്രവാസി സമൂഹം. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വകുപ്പായ നോര്‍ക്ക വഹിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം കരഘോഷത്തോടെയാണ് പ്രവാസി സമൂഹം വരവേറ്റത്. പ്രവാസി സമൂഹത്തോടുള്ള ഇതുപക്ഷ സര്‍ക്കാരിന്റെ കരുതലും ആദരവും പ്രതിബദ്ധതയും തെളയിക്കുന്നതാണ് ബജറ്റെന്ന് വിവിധ പ്രവാസി സംഘടനകള്‍ വിലയിരുത്തി. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ കൈതാങ്ങാണ് കേരള ബജറ്റെന്നും അവര്‍ വ്യക്തമാക്കുന്നു.
 
ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്കു കൊണ്ടുപോകണമെന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രവാസി മലയാളി സമൂഹം വര്‍ങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇതിനാണ് സാക്ഷാല്‍ക്കാരമാകുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇത് ഏറ്റവും ധീരമായ തീരുമാനമാണെന്ന് വിവിധ പ്രവാസി സംഘടനകള്‍ പ്രതികരിച്ചു. 
പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടിരൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടി വകയിരുത്തി.
 
പ്രവാസികളും നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപത്തിനും ക്ഷേമത്തിനും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആഗോള  പ്രവാസി ഫെസ്റ്റിനും അഞ്ച് കോടിയും അനുവദിച്ചു. പ്രവാസികള്‍ക്കുള്ള നിക്ഷേപ പദ്ധതിയും പെന്‍ഷനും ലയിപ്പിക്കും. കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം നല്‍കും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ ഇതു നടപ്പാകും. 2019-20ല്‍ കിഫ്ബിയിലേക്കുള്ള ധനസമാഹരത്തില്‍ ഒരു നിര്‍ണായക പങ്ക് പ്രവാസി ചിട്ടികള്‍ക്കുണ്ടാകും. പ്രവാസിക്ഷേമ ബോര്‍ഡ് നിക്ഷേപ ഡിവിഡന്റ് പദ്ധതിക്കു രൂപം നല്‍കിയതും ബജറ്റിലെ പ്രത്യേകതയാണ്.
 
Advertisement
Advertisement