കുവൈറ്റിൽ പ്രവാസികളുടെ ശമ്പളത്തിന് നികുതി ചുമത്താൻ ശുപാർശ

കുവൈറ്റിൽ വിദേശികൾ അയയ്ക്കുന്ന പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നതിന് പകരം അവരുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് നിർദേശം. ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടറും അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ചെയർമാനുമായ അബ്ദുല്ല നജീബ് അൽ മുല്ലയുടേതാണ് നിർദേശം. വിദേശി ജീവനക്കാരുടെ ശമ്പളം ബാങ്കിലെത്തുമ്പോൾ തന്നെ നിശ്ചിത തുക നികുതിയായി സർക്കാർ ഖജനാവിലേക്കു മാറുന്ന സംവിധാനം വേണമെന്ന് അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ  പറയുന്നു.
 
ഓരോരുത്തർ‍ക്കും ലഭിക്കുന്ന ശമ്പളം അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത തോതിലാകണം നികുതി വിഹിതം. സർക്കാരിന് ലഭിക്കേണ്ട വിഹിതം കൃത്യമായി ലഭിക്കും. പണമിടപാടിന് നികുതി ചുമത്തുന്നുവെന്ന ആക്ഷേപവും ഇല്ലാതാകും. പണമിടപാടിന് നികുതി ചുമത്തിയാൽ ഇടപാടുകൾ നിയമവിധേയമല്ലാത്ത മാർഗമായ ഹവാലയിലുടെയും മറ്റുമായി മാറും. ഇത് നിലവിലുള്ള പണമിടപാട് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ വർഷം വിദേശികൾ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ കുവൈത്ത് ലോകത്ത് എട്ടാംസ്ഥാനത്താണെന്ന് ലോക ബാങ്ക് വ്യക്തമാക്കി. 1300 കോടി ഡോളറാണ് കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് വിദേശത്തേക്ക് അയച്ചത് കുവൈത്തിലേക്ക് വന്നത് 22 ദശലക്ഷം ഡോളറും.ഈ വർഷത്തെ കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽനിന്നുള്ള പണം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. 8000 കോടി ഡോളറാണ് ഇന്ത്യയിൽ എത്തിയത്. ചൈനയിൽ 6700 കോടി ഡോളറും ഫിലിപ്പീൻസിലും മെക്സിക്കോയിലും 3400 കോടി ഡോളറും ഈജിപ്തിൽ 2600 കോടി ഡോളറുമാണ് ലഭിച്ചത്.