പള്ളികള്‍ നിര്‍മ്മിക്കുന്നതിന് കുവൈറ്റ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി; ചെറിയ ചെറിയ പ്രാര്‍ത്ഥനാലയങ്ങളെ പള്ളികളായി മാറ്റാനാവില്ല

കുവൈത്ത്: ചെറിയ പ്രാര്‍ത്ഥനാലയങ്ങളെ പള്ളികളായി മാറ്റുന്നതിന് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. പള്ളികള്‍ക്ക് ആയിരം ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തൃതിയും പുറത്തു ചുരുങ്ങിയത് അന്‍പത് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ അംഗീകാരം ലഭിക്കണമെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ അഞ്ഞൂറ് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുമുണ്ടാകണമെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി.
 
ഇപ്പോള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ അടുത്തടുത്തായി പള്ളികള്‍ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തിന് ദോഷം ചെയ്യുന്നതായാണ് ഔകാഫ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. വളരെ കുറച്ച് ജനങ്ങളെ മാത്രം ഉള്‍കൊള്ളുന്ന മുസല്ലകള്‍ ആണ് പള്ളികളായി മാറ്റുന്നത്. വിശ്വാസികളെ വിഭജിക്കുന്നു എന്നതിനോടൊപ്പം ഗതാഗതക്കുരുക്ക് പോലുള്ള പ്രശനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പള്ളികളുടെ പെരുപ്പം കുറക്കാന്‍ മതകാര്യ വകുപ്പ് തീരുമാനിച്ചത്.