പെരിന്തൽമണ്ണ മുൻ എംഎൽഎ വി.ശശികുമാറിന്റെ സൗദി യാത്ര അനുഭവകുറിപ്പ് വൻ വൈറൽ

സൗദി അറേബ്യയിൽ നടത്തിയ യാത്രയെയും അതിന്റെ അനുഭവങ്ങളെയും വിശദീകരിച്ച് വി.ശശികുമാർ ഫേസ് ബുക്കിൽ പങ്ക് വെച്ച പോസ്റ്റ്


ഒരു സൗദി പര്യടന ഡയറിക്കുറിപ്പ് ...

ഈ കഴിഞ്ഞ ഏപ്രിൽ 9 മുതൽ 13 വരെയുളള ദിവസങ്ങളിലായി സൗദി അറേബ്യയിലായിരുന്നു . ഇ എം എസ് ജനകീയ ആശുപത്രിയുടെ ഷെയർ പ്രമോഷന്റെ ഭാഗമായിരുന്നു സന്ദർശനം . പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സഖാവ് എ . വിജയരാഘവനും കൂടെ ഉണ്ടായിരുന്നു . ആദ്യമായാണ് ഞാൻ സൗദിയിൽ പോകുന്നത് . വി ജയരാഘവൻ സഖാവാകട്ടെ മുമ്പും പല തവണ സന്ദർശനം നടത്തിയിട്ടുണ്ട് . ജീവിതത്തിലെ മറക്കാനാവാത്ത കുറെ അനുഭവങ്ങളാൽ സമ്പുഷ്ടമായിരുന്നു ഈ യാത്ര. അതിലെ കുറച്ച് കാര്യങ്ങൾ പങ്ക് വെക്കുന്നു....

മഴയിലും മണൽക്കാറ്റിലും കുലുങ്ങാത്ത റിയാദ്
---------------------------------------------------

റിയാദ് , ജിദ്ദ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ആദ്യം പോയത് റിയാദിലേക്കായിരുന്നു . 'കേളി' യുടെ നേതാക്കളും , പ്രവർത്തകരും ചേർന്ന് ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിച്ചു . പത്താം തീയ്യതി കാലത്ത് ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു . വലിയ സ്വീകരണമാണ് അവർ അവിടെ ഞങ്ങൾക്കായി ഒരുക്കിയിരുന്നത് . തുടർന്ന് ഷെയർ സമാഹരണാർത്ഥം റിയാദിലെ പ്രവാസി ബിസിനസുകാരായ മലയാളി സുഹൃത്തുക്കളെയും , മറ്റ് വ്യക്തികളെയും കാണുകയും അവരെല്ലാം നല്ല രീതിയിൽ തന്നെ ഞങ്ങളോട് സഹകരിക്കുകയും ചെയ്തു .

റിയാദിൽ എത്തിയത് മുതൽക്കേ നല്ല മഴയായിരുന്നു. സാധാരണയായി ഗൾഫ് രാജ്യങ്ങളിൽ അത്ര മഴ ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യമെങ്കിലും , ഞങ്ങൾ രണ്ട് പേരും കാല് കുത്തിയത് കൊണ്ടാണ് നല്ല മഴ ലഭിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സഖാക്കൾ തമാശയായി പറഞ്ഞു . മഴയെ തുടർന്ന് വലിയ തോതിലുള്ള മണൽക്കാറ്റും റിയാദിനെ തേടിയെത്തി . കടലിൽ കൂറ്റൻ തിരമാലകൾക്കുള്ളിൽപ്പെട്ട കപ്പലിനെപ്പോലെ മണൽക്കാറ്റിനിടയിലൂടെയുള്ള വാഹന യാത്ര അനുഭവപ്പെട്ടു. രാത്രി 8 മണിയോടെ കേളിയുടെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജമാക്കിയ മറീന ഹാളിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു . യോഗത്തിൽ സഖാവ് വിജയരാഘവൻ രാഷ്ട്രീയ കാര്യങ്ങളും , ആശുപത്രിയുടെ കാര്യങ്ങളും സവിസ്തരം സംസാരിച്ചു . ഷെയറിനെക്കുറിച്ചും , ആശുപത്രിയെ കുറിച്ചും മാത്രമാണ് ഞാൻ സംസാരിച്ചത് . ആശുപത്രി മാനേജ്മെൻറ് തയ്യാറാക്കിയ സി ഡി യോഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . തുടർന്ന് നിരവധി പേർ ഇ എം എസ് ആശുപത്രിയുടെ ഷെയർ എടുക്കാൻ തയ്യാറായി മുന്നോട്ട് വരികയും അപേക്ഷ ഫോമുകൾ പൂരിപ്പിച്ച് നൽകുകയും അവരുടെയെല്ലാം കലർപ്പില്ലാത്ത പിന്തുണ ആശുപത്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു . റിയാദ് കേളി വളരെ ചിട്ടയോട് കൂടി പ്രവർത്തിക്കുന്ന നല്ലൊരു ടീമാണെന്ന് ആ യോഗത്തോടെ തന്നെ ബോധ്യമായി . അന്ന് തന്നെ റിയാദിലെ സൺസിറ്റി മെഡിക്കൽ ക്ലിനിക്ക് സന്ദർശിക്കുകയുണ്ടായി . മലപ്പുറം വേങ്ങര സ്വദേശിയായ വാസുവേട്ടനാണ് അതിന്റെ ഉടമ. ക്ലിനിക്കിന്റെ ഒരു പുതിയ സെക്ഷൻ ഉദ്ഘാടനം ചെയ്യാനുള്ള ചുമതല കൂടി അവർ സഖാവ് വിജയരാഘവനെ ഏൽപ്പിച്ചിരുന്നു .

ഭീഷണികൾക്ക് മുന്നിൽ നട്ടെല്ല് വളക്കാൻ തയ്യാറില്ലാത്ത പോരാളികളുള്ള ജിദ്ദ
---------------------------------------------------

11 ന് രാത്രി 8.00 മണിയോടെ ജിദ്ദ വിമാനത്താവളത്തിലെത്തിയ ഞങ്ങളെ എന്റെ ചിരപരിജിതരായ നവോദയയുടെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കുകയുണ്ടായി. പിറ്റേന്ന് ഉച്ച വരെയും കക്ഷി രാഷ്ട്രിയത്തിനതീതമായി പല സുഹൃത്തുക്കളും റൂമിൽ വന്നു .ഉച്ചയൂണിന് ശേഷം സഖാക്കൾ നൗഷാദിന്റേയും ലാലുവിന്റെയും കൂടെ ജിദ്ദ സമുദ്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാനിറങ്ങി. പിന്നീട് നമ്മുടെ നാട്ടുകാർക്ക് ഏറെ കേട്ട് പരിചയമുള്ള ഷറഫിയ്യയിലൂടെ ഒന്ന് ഇറങ്ങി നടക്കുകയുണ്ടായി . പെരിന്തൽമണ്ണയിലും , കീഴാറ്റൂരിലും , ആലിപ്പറമ്പിലും , വെട്ടത്തൂരിലും മലപ്പുറത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളിലും ഒക്കെ ഉള്ള കണ്ട് പരിചയമുള്ള ഒരു പാട് മുഖങ്ങൾ അടുത്തേക്ക് ഓടി വന്ന് സന്തോഷം പങ്കിട്ടു. ശരിക്കും ഒരു തെരെഞ്ഞെടുപ്പ് സമയത്ത് അങ്ങാടികളിൽ ഇറങ്ങി വോട്ടഭ്യർത്ഥിക്കുന്ന തരത്തിലുള്ള ഒരനുഭവം പോലെയാണ് ഷറഫിയ്യ അങ്ങാടിയിലൂടെയുള്ള നടത്തത്തിലൂടെ ഫീൽ ചെയ്തത്.

രാത്രി 8 മണിക്ക് ലക്കി ദർബാറിൽ പെരിന്തൽമണ്ണ , മങ്കട പ്രവാസി വാട്സാപ്പ് കൂട്ടായ്മകൾ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു . അതിന് മുമ്പായി തന്നെ ചില കോമാളിക്കൂട്ടങ്ങൾ നവ മാധ്യമങ്ങളിലൂടെ സഖാവ് വിജയരാഘവനെ ജിദ്ദയിൽ തടയുമെന്ന് തിട്ടൂരമിറക്കുകയും, ദുഷ്പ്രചരണങ്ങൾ സജീവമാക്കുകയും ചെയ്തിരുന്നു . പ്രസ്തുത യോഗം നല്ല രീതിയിൽ പുരോഗമിക്കുന്നതിനിടെ ഹോട്ടൽ മാനേജരെ നിരന്തരമായി ഫേക്ക് ഫോൺ കോളുകളിലൂടെ ഭീഷണിപ്പെടുത്തലുകളും തെറ്റിദ്ധരിപ്പിക്കലുകളും നടന്നു . ചെറിയ തോതിൽ ഭയമുണ്ടായ ഹോട്ടലുകാരൻ യോഗം വേഗത്തിൽ പിരിയണമെന്ന് അഭ്യർത്ഥിച്ചു . ഞങ്ങൾ അദ്ദേഹത്തോട് സഹകരിച്ചു യോഗ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് പിരിഞ്ഞു . തുടർന്ന് ചേർന്ന ജിദ്ദ നവോദയയുടെ കേന്ദ്ര കമ്മിറ്റി യോഗം പിറ്റേ ദിവസം ഇംപാല ഗാർഡനിൽ നടത്താനിരുന്ന നവോദയയുടെ നേതൃത്വത്തിലുള്ള സ്വീകരണ പൊതു യോഗം പതിൻമടങ്ങ് ശക്തിയോടെ തന്നെ നടത്താനും , ആരുടെയും ഓലപ്പാമ്പിന് മുന്നിൽ മുട്ട് മടക്കേണ്ടതില്ലെന്നും തീരുമാനിച്ചു .

പിറ്റേ ദിവസം രാവിലെ ഷെയർ സമാഹരണത്തിന്റെ ഭാഗമായി പല സുഹൃത്തുക്കളെയും നേരിൽ കാണാനായി പോയി . പിന്നീട് റൂമിൽ തിരികെയെത്തിയതിന് ശേഷം മലപ്പുറത്തിന്റെയും , കേരളത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഖാക്കളും സുഹൃത്തുക്കളും കാണാനെത്തിയിരുന്നു . നൂറും ഇരുനൂറും ഒക്കെ കിലോമീറ്ററുകൾ അപ്പുറത്ത് ജോലി ചെയ്യുന്നവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു . അവരുടെയെല്ലാം സ്നേഹ വാൽസല്യങ്ങൾക്കും , ആത്മാർത്ഥതക്കും ഇടയിൽ സത്യത്തിൽ ശ്വാസം മുട്ടിപ്പോകുന്ന ഒരനുഭവമാണ് ഉണ്ടായത് .

രാത്രി 8.30 മണിയോടെ ഞങ്ങൾ നവോദയയുടെ സ്വീകരണ യോഗത്തിലേക്ക് എത്തിച്ചേർന്നു . നാട്ടിലെ ഒരു പൊതുയോഗത്തെ അനുസ്മരിപ്പിക്കും വിധം വലിയ ബാനറും സ്റ്റേജുമൊക്കെ ഉണ്ടായിരുന്ന യോഗത്തിന് വലിയ ജനക്കൂട്ടവും വന്നെത്തിയത് ആവേശത്തിലാക്കി . വളരെ ചിട്ടയോടെയും , കരുതലോടെയും സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത് . നാട്ടിലെ റെഡ് വളണ്ടിയേഴ്സിനെപ്പോലെ എന്തിനെയും പ്രതിരോധിക്കാൻ കെൽപ്പുള്ളവരായി നവോദയ വളണ്ടിയർമാർ അണി നിരന്നു. നവോദയ മുഖ്യ രക്ഷാധികാരി സഖാവ് വി.കെ റൗഫാണ് യോഗം ഉൽഘാടനം ചെയ്തത് . തുടർന്ന് സഖാവ് വിജയരാഘവൻ വളരെ വിശദമായി സംസാരിച്ചു . ദേശീയപാത വികസനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ അദ്ദേഹം '' ഞാനും ഒരു മാപ്പിളയാണ് , മലപ്പുറത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്ന മാപ്പിള , അതിൽ ഞാൻ അഭിമാനിക്കുന്നു" എന്ന് തുടങ്ങുന്ന വികാരോജ്വല പ്രസംഗം ഈ യോഗത്തിലദ്ദേഹം നടത്തി. തുടർന്ന് ഞാനും കുറച്ച് സമയം എടുത്ത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയും മറ്റും വിശദീകരിച്ച് സംസാരിച്ചു. എല്ലാ അർത്ഥത്തിലും മികവാർന്ന ഒരു പരിപാടിയായി മാറിയ സ്വീകരണ യോഗം നവോദയയുടെ സംഘാടന ശേഷിയും എടുത്ത് കാണിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു . ഒരു വലിയ സമരത്തിൽ പങ്കെടുത്ത് വിജയിച്ച അനുഭൂതിയായിരുന്നു യോഗത്തിന് ശേഷം ഞങ്ങൾക്കും അതിൽ പങ്കെടുത്ത നൂറു കണക്കിന് ആളുകൾക്കും ലഭിച്ചത്. സഖാവ് വിജയരാഘവനെ തടയുമെന്ന തരത്തിലുള്ള ചിലർ ഇറക്കിയ വാറോല നവോദയയുടെ കർമ്മധീരരായ നേതാക്കളുടെയും പ്രവർത്തകരുടെയും ചടുലതയാർന്ന സംഘാടക മികവേറ്റ് കരിഞ്ഞുണങ്ങി.

വികസനത്തിന്റെ പുതുവഴികളിൽ സൗദി
----------------------------------------

അടിസ്ഥാന വികസന രംഗത്ത് സൗദി പോലുള്ള ഗൾഫ് രാഷ്ട്രങ്ങളിലുള്ള വികസനങ്ങൾ നമ്മളെയെല്ലാം അത്ഭുതപ്പെടുത്താറുണ്ട് . എന്നാൽ റോഡുകളും പാലങ്ങളും മാത്രമല്ല നാടിന്റെ വികസനത്തിന്റെ അളവ് കോൽ എന്ന് തിരിച്ചറിഞ്ഞുള്ള നവീകരണ പ്രവർത്തനങ്ങളാണ് സൗദിയിൽ ഇപ്പോൾ നടക്കുന്നത് എന്ന് മനസ്സിലാക്കാനായി . സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൽ , സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരിക , മുഴുവൻ പൗരൻമാർക്കും തൊഴിൽ ഉറപ്പാക്കൽ , മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും സ്ഥാപിക്കൽ , പരമ്പരാഗത വരുമാന മാർഗങ്ങളെ മാത്രം ആശ്രയിക്കാതെ ടൂറിസം, സിനിമ തിയ്യറ്റർ തുടങ്ങിയ വിനോദ രംഗങ്ങളിലൂടെയും മറ്റും കൂടുതൽ വരുമാനം കണ്ടെത്തൽ തുടങ്ങി സൗദിയുടെ യുവാവായ പുതിയ രാജകുമാരന്റെ നേതൃത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ പുരോഗനാത്മക കാഴ്ച്ചപ്പാടിലൂന്നിയവയാണ് . എന്നാൽ പ്രവാസികളായ അവിടത്തെ നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം തൊഴിൽ രംഗത്തെ പുതിയ പരിഷ്കാരങ്ങൾ വലിയ തിരിച്ചടിയുമാണ് . ആയിരക്കണക്കിന് വിദേശികളുടെ തൊഴിലുകൾ ദിനംപ്രതി നഷ്ടപ്പെടുന്നു . സ്വദേശി വൽക്കരണം ആ രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് എന്നതാണ് യാഥാർത്ഥ്യം . അവരുടെ രാജ്യത്തിന്റെ നവീകരണപ്രവർത്തികൾ പൂർത്തിയാകുന്ന മുറക്ക് , സമീപ ഭാവിയിൽ തന്നെ വിദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകും എന്ന പ്രത്യാശയാണ് ഇപ്പോൾ നമ്മുടെ പ്രവാസി സുഹൃത്തുക്കളിൽ ചിലരെങ്കിലും പങ്ക് വെക്കുന്നത് .

നന്ദി
------------
ഇ എം എസ് സഹകരണ ആശുപത്രിയുടെ ഓഹരി സമാഹരണമായിരുന്നു സൗദി സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യമെങ്കിലും ആ ഉദ്ദേശ്യം നല്ല രീതിയിൽ വിജയിപ്പിച്ചെടുക്കാനുള്ള നല്ല പ്രവർത്തനങ്ങളാണ് അവിടെ നടന്നത് . അതിലുപരിയായി നമ്മുടെ നാടിന്റെ വികസനവും , വർഗീയതയും പോലുള്ള രാഷ്ട്രീയ പ്രശ്നം കൂടി ചർച്ച ചെയ്യപ്പെട്ട ഒരു സുപ്രധാന വേദിയായിക്കൂടി ഈ സൗദി സന്ദർശനം മാറി എന്നാണ് എന്റെ വിലയിരുത്തൽ . നമ്മളെല്ലാവരും പങ്കാളികളായ ഒരു ജനകീയ സഹകരണ സ്ഥാപനത്തിന്റെ ഷെയർ സമാഹരണത്തെ നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രയോഗമായി കൂടി വികസിപ്പിച്ചെടുത്ത റിയാദിലെ കേളി സഖാക്കൾക്കും , ജിദ്ദയിലെ നവോദയ പോരാളികൾക്കും ഹൃദയാംഗമായ എന്റെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു . നിങ്ങൾ നൽകിയ സ്നേഹോഷ്മള സ്വീകരണങ്ങൾ എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്ര സന്ദർഭമായി എക്കാലവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും .

അഭിവാദ്യങ്ങളോടെ ,
വി . ശശികുമാർ
Attachments area