കുവൈറ്റ് പ്രവാസി ജീവനക്കാരെ പിരിച്ചു വിടും; വിദേശ ജീവനക്കാരുടെ തൊഴിൽ കരാർ ജൂലൈ ഒന്നിന് അവസാനിക്കും

കുവൈറ്റിൽ സ്വദേശിവൽക്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ പ്രവാസി ജീവനക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുന്നു. സിവിൽ സർവ്വീസ് കമീഷനാണ് വിവിധ സർക്കാർ മന്ത്രായലങ്ങളോടും വകുപ്പുകളോടും ഇക്കാര്യത്തിൽ കൈക്കൊണ്ട നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 3108 ഓളം വരുന്ന വിദേശി ജീവനക്കാരുടെ തൊഴിൽ കരാർ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് സിവിൽ സർവ്വീസ് കമീഷൻ ആലോച്ചിക്കുന്നത്.

ഈ ഒഴിവുകളിൽ കുവൈറ്റി ജീവനക്കാരെ നിയമിക്കാനും, ഇത് വഴി രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് കുറക്കാനുമാണ് കമീഷന്റെ തീരുമാനം.എന്നാൽ വിദേശകാര്യ വകുപ്പ് സ്വദേശി വൽക്കരണ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശികൾക്ക് ജോലി നൽകുന്ന കാര്യത്തിൽ ഔപചാരികമായ നടപടി ക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അത് പൂർത്തിയാകുന്ന മുറക്ക് നിയമനം നൽകാൻകഴിയുമെന്നാണ് സാമൂഹ്യകാര്യ-തൊഴിൽ മന്ത്രാലയം സിവിൽ സർവ്വീസ് കമീഷനെ
അറീയിച്ചിരിക്കുന്നത്.

ധാരാളം ഒഴിവുകളുള്ള വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ കമീഷന്റെ അന്വേഷണത്തോട് പ്രതികരിച്ചിട്ടില്ല എന്നാണു മനസ്സിലാക്കാൻ കഴിയുന്നത്. പിരിച്ചുവിടാൻ ആലോചിക്കുന്ന വിദേശികളുടെ എണ്ണമടക്കം 7000 ലധികം ഒഴിവുകളാണ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഈ വര്ഷം ഉണ്ടാകുക.ഇപ്പോഴെത്തെ കണക്കനുസരിച്ചു 4000 ലധികം സ്വദേശികൾ സർക്കാർ ജോലിക്ക്
അപേക്ഷ നൽകി കാത്തിരിക്കുന്നുമുണ്ട്.