"വർഗീയതയിലൂടെ ജനകീയ പ്രതിരോധങ്ങൾ ഇല്ലാതാക്കാൻ നീക്കം" റിയാദ് കേളി സാംസ്കാരിക സമ്മേളനത്തിൽ എ വിജയരാഘവൻ

രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ജനങ്ങൾക്കിടയിൽ വർഗീയമായ ഭിന്നിപ്പുണ്ടാക്കുന്നത് ജനകീയ പ്രതിരോധങ്ങളെ ഇല്ലാതാക്കി അരാജകത്വം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വിജയരാഘവൻ. ജനകീയ ബദലുകൾ അടിസ്ഥാനമാക്കിയുള്ള വികസന പരിപ്രേക്ഷ്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ സമഗ്രവികസനത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദി റിയാദിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിന്തൽമണ്ണ ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ പ്രവാസികൾക്കായുള്ള പ്രത്യേക ഷെയർ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിജയരാഘവനും മുൻ എംഎൽഎയും ആശുപത്രി ഡയറക്ടറുമായ വി ശശികുമാറും റിയാദിലെത്തിയത്. വിജയരാഘവനെയും ശശികുമാറിനെയും കെ ആർ ഉണ്ണികൃഷ്ണൻ, ഷൗക്കത്ത് നിലമ്പുർ, സീബ അനി, പ്രിയ വിനോദ് എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. ഓഹരി ഉടമകളാകുന്ന പ്രവാസികൾക്കു ലഭിക്കുന്ന സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളെക്കുറിച്ച് വി ശശികുമാർ വിശദീകരിച്ചു.

ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും പ്രവാസികൾക്കായുള്ള പ്രത്യേക പദ്ധതികളെക്കുറിച്ചുമുള്ള വിഡീയോ പ്രദർശനവും നടത്തുകയുണ്ടായി. ചടങ്ങിൽ തോമസ് രാജുവിൽ നിന്ന് ഷെയറിനുള്ള ആദ്യത്തെ അപേക്ഷ വിജയരാഘവൻ ഏറ്റുവാങ്ങി.
സ്വീകരണയോഗത്തിൽ കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് അധ്യക്ഷനായി. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ സ്വാഗതം ആശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തക്കീർ, റഷീദ് മേലേതിൽ സജീവൻ ചൊവ്വ, ബിപി രാജീവൻ, സതീഷ്‌കുമാർ, ഗീവർഗ്ഗീസ ്എന്നിവരും സംബന്ധിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നുള്ള കേളി പ്രവർത്തകർ, കേളി കുടുംബവേദി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

(പെരിന്തൽമണ്ണ ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ ഷെയർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കം അപേക്ഷാഫോറത്തിനും കേളി സെക്രട്ടറി 050 010 1223, 050 880 1411 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്).