ഖത്തറും മാറുന്നു: ചരിത്രത്തിലാദ്യമായി വനിതകൾക്ക് സൈനിക സേവനമനുഷ്ഠിക്കാൻ ഖത്തർ ഭരണകൂടത്തിന്റെ അനുമതി

ചരിത്രത്തിലാദ്യമായി വനിതകൾക്ക് സൈനിക സേവനമനുഷ്ഠിക്കാൻ ഖത്തർ ഭരണകൂടത്തിന്റെ അനുമതി. പുതിയ ദേശീയ സേവന നിയമത്തിലാണ് ഇതുസംബന്ധിച്ച്‌ പരാമർശിക്കുന്നത്. വനിതകൾക്ക് സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാമെന്നാണ് വ്യവസ്ഥ.

18 വയസ്സിന് മുകളിലുള്ള വനിതകൾക്കാണ് അവസരം. എന്നാൽ നിയമനം സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ സൈന്യത്തിന്റെ ഭരണ തലങ്ങളിൽ വനിതകളെ പ്രവേശിപ്പിക്കുന്നുണ്ട്.അതേസമയം പുതിയ നിയമ പ്രകാരം 18 നും 35 നും മധ്യേയുള്ള പുരുഷൻമാർ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണം. ഒരുവർഷമാണ് ഇതിന്റെ കാലാവധി. 18 വയസ്സ് പൂർത്തിയായാൽ 60 ദിവസത്തിനകം പുരുഷൻമാർ ഇതിനായി അപേക്ഷിക്കണം.
ഇതിൽ നിന്ന് ഒഴിഞ്ഞുമാറിയാൽ മൂന്നുവർഷം വരെ തടവും 50,000 ഖത്തരി റിയാൽ പിഴയുമാണ് ശിക്ഷ. സൈനിക സേവന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പൊതു, സ്വകാര്യ മേഖലയിൽ ജോലി ലഭിക്കുകയുമില്ല.

അതേസമയം ശാരീരിക വിഷമതകൾ ഉള്ളവർ, കുടുംബത്തിന്റെ ഏക അത്താണിയായവർ, ഒരേയൊരു മകൻ, വിഭാര്യനായ പുരുഷൻ, സൈനിക കോളജിൽ നിന്ന് ബിരുദം നേടിയവർ എന്നിവരെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.