ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്

ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്
 
കുവൈറ്റ്: കുവൈറ്റില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദേശം. ചില വിദേശികളുടെ പേരില്‍ അറുപതും എഴുപതും വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതവിഭാഗം ശക്തമായ നടപടിക്ക് തയ്യാറാവുന്നത്. കൂടാതെ, വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരിലധികം പേരും ഗാര്‍ഹിക തൊഴിലാളികളാണെന്നും ഡ്രൈവിങ് ലൈസന്‍സ് പോലും ഇല്ലാത്തവരുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌.
 
ദിനംപ്രതി ഇരുന്നൂറിലേറെ വാഹനാപകടങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച കുറ്റത്തിന് 160-ല്‍പരം വിദേശികളെ പിടികൂടി നാടുകടത്തിയതായും ഗതാഗതവിഭാഗം വ്യക്തമാക്കി.