വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന കരട് നിയമത്തിന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിൽ അംഗീകാരം നൽകി

വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന കരട് നിയമത്തിന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിൽ  അംഗീകാരം നൽകി. കരട്‌നിയമപ്രകാരം പതിനെട്ട് വയസില്‍ താഴെയുളളവരെ കൊണ്ട്  വീട്ടുജോലി ചെയ്യിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഡോ.അമാല്‍ അബ്ദുള്ള അല്‍ ഖുബൈയ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ പതിനാറാമത് ലെജിസ്ലേറ്റീവ് സെഷന്‍ ആണ് ഗാര്‍ഹിക തോഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. എല്ലാ താമസക്കാര്‍ക്കും മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കരട് നിയമം തയ്യാറാക്കിയത്.
തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിന് ഇടനില നില്‍ക്കാന്‍ സ്വദേശികളെ മാത്രമാണ് കരട് നിയമം അധികാരപ്പെടുത്തുന്നത്. ചട്ടപ്രകാരം മാത്രമെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവു എന്നും കരട് നിയമം അനുശാസിക്കുന്നുണ്ട്. തൊഴിലാളികളെ മാതൃരാജ്യത്തുനിന്നും ജോലിക്കായി കൊണ്ടുവരും മുന്‍പ് തന്നെ ജോലിയുടെ സ്വഭാവം വേതനം തുടങ്ങിയവ സംബന്ധിച്ച് ബോധിപ്പിക്കണം എന്നും കരട് നിയമത്തില്‍ പറയുന്നു.
ആഴ്ച്ചയില്‍ ഒരു ദിവസം തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണം,വര്‍ഷത്തില്‍ ഒരിക്കല്‍ മുപ്പത് ദിവസവും അവധി അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളും കരട് നിയമത്തിലുണ്ട്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈവശം വെക്കുന്നതിനുള്ള അവകാശവും തൊഴിലാളികള്‍ക്ക് കരട്‌നിയമം ഉറപ്പാക്കുന്നു.