2040ഓടെ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കാര്‍ഷിക വകുപ്പ്

ഭക്ഷ്യോല്‍പാദന കാര്യത്തില്‍ 2040 ആകുമ്ബോഴേക്കും രാജ്യം സ്വയംപര്യാപ്തി കൈവരിക്കുമെന്ന് കാര്‍ഷിക വകുപ്പ് മേധാവി നബീല അലി ഖലീല്‍ പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിന് ദീര്‍ഘകാല പദ്ധതികളാണ് കാര്‍ഷിക വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളുമായി കുവൈത്ത് അടുത്തിടെ കാര്‍ഷിക കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കാര്‍ഷിക വകുപ്പിന്‍െറ പ്രത്യേക യോഗത്തില്‍ പങ്കെടുത്തശേഷം വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തിന്‍െറ പ്രധാന കാര്‍ഷിക മേഖലകളായ അബ്ദലി, വഫ്റ എന്നിവിടങ്ങളില്‍ പുതിയ കാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്തു. കോഴിവളര്‍ത്തല്‍ കേന്ദ്രം, പാല്‍ ഉല്‍പാദന കേന്ദ്രം എന്നിവക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു. കാര്‍ഷികമേഖലയിലുള്ള അനുഭവങ്ങള്‍ പരസ്പരം കൈമാറുന്നതിനുവേണ്ടി ജി.സി.സി രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനങ്ങളും സാമ്ബത്തിക സഹായങ്ങളും നല്‍കും. അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധിച്ചത് ഒരു പാഠമാണെന്നും ഇതിന് പരിഹാരം രാജ്യം സ്വയംപര്യാപ്തത കൈവരിക്കലാണെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ ഭക്ഷ്യോല്‍പാദനകാര്യത്തില്‍ സ്വയംപര്യാപ്തി കൈവരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.