അടിയന്തിരാവസ്ഥയുടെ മറവിൽ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ചോദിച്ച പണം നൽകാത്ത ബിസിനസുകാരെയും കരുണാകരനും സംഘവും ജയിലിൽ അടച്ചു – എം എം ലോറൻസ്

Share:

Share on facebook
Share on twitter
Share on linkedin

 
” ഉദ്യോഗസ്ഥരും മന്ത്രി കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാരും സർക്കാരിന്റെ അധികാരം കയ്യാളുന്ന ആളുകൾ ആയി മാറി. അടിയന്തരവസ്ഥയുടെ സാഹചര്യം മുതലെടുത്തു പല ബിസിനസ്‌കാരിൽ നിന്നും അവർ പണം ഭീഷണിപെടുത്തി വാങ്ങുമായിരുന്നു. ആവശ്യപ്പെട്ട പണം നല്കാതിരുന്നാൽ അവരെ പിടിച്ചു ജയിലിൽ അടയ്ക്കും എന്നതായിരുന്നു രീതി. അടിയന്തിരാവസ്ഥയുടെ മറവിൽ ആഭ്യന്തര മന്ത്രി കരുണാകരനും കോൺഗ്രസുകാരും നടത്തിയ സാമ്പത്തിക അഴിമതിയെ കുറിച്ച് വിശദമാക്കി മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് .  
 
 
അടിയന്തരാവസ്ഥ
—————————–
 
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഞാൻ ഉൾപ്പെടെ പല ആളുകളോടും പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ പോകണമെന്ന് പാർട്ടി നിർദ്ദേശിച്ചു. അന്ന് എറണാകുളം ജില്ലാ കലക്ടർ ശ്രീ.ഉപ്പിലിയപ്പൻ ആയിരുന്നു. കലക്ടർ അമിതാധികാരിയായി ആ സമയം മാറി!.
 
 മുദ്രാവാക്യം വിളിക്കാൻ പാടില്ല, പ്രകടനം നടത്താൻ പാടില്ല, പ്രസംഗിക്കാൻ പാടില്ല, പ്രതിഷേധിക്കാൻ പാടില്ല, സത്യാഗ്രഹം നടത്താൻ പാടില്ല, പണി മുടക്കാൻ പാടില്ല തുടങ്ങിയവയായിരുന്നു പ്രധാന നിബന്ധനകൾ. അക്കാലത്ത് പത്രത്തിൽ ശരിയായ വിധം വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തുകയും സെൻസർഷിപ്പിന് പ്രത്യേക ഉദ്യോഗസ്ഥനെ ഏർപ്പെടുത്തുകയുമുണ്ടായി. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ മാറ്ററും ഉദ്യോഗസ്ഥൻ വായിച്ചു നോക്കി അനുവാദം നൽകിയാൽ മാത്രമേ അവ പ്രസിദ്ധീകരിക്കാൻ ആകുമായിരുന്നുള്ളൂ. ഇതിൽ പ്രതിഷേധിച്ച് ദേശാഭിമാനി പത്രം മുഖപ്രസംഗം വേണ്ടെന്ന് വച്ചു. മുഖപ്രസംഗത്തിന്റെ ഭാഗം ഒന്നും എഴുതാതെ ശൂന്യമാക്കിയാണ് പത്രം പ്രസിദ്ധീകരിച്ചത്. 
 
 ‘നാവടക്കൂ പണിയെടുക്കൂ’ എന്നായിരുന്നു പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ അക്കാലത്തെ ശാസന. അടിയന്തരാവസ്ഥയെ എതിർക്കുന്നതിൽ ആർ എസ് എസ് കാരും മുന്നിൽ ഉണ്ടായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ചില ആർ എസ് എസ് നേതാക്കന്മാരും ഒളിവിൽ ആയിരുന്ന ഞങ്ങളിൽ ചില ആളുകളും അന്യോന്യം ബന്ധപ്പെട്ട് പ്രവർത്തനം നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം കോണ്ഗ്രെസിലെ പ്രാഗൽഭരായ മുൻ മന്ത്രിമാരും നേതാക്കന്മാരുമെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയോ വീട്ട് തടങ്കലിൽ ആക്കപ്പെടുകയോ ഉണ്ടായി. ജഗ്ജീവൻ റാമിനെ പോലുള്ള ഉന്നതരായ നേതാക്കൾ പോലും തടവിലായി.  അന്ന് പ്രധാനമായും തോല്പിക്കേണ്ടത് അടിയന്തരവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യ അവകാശം ഇല്ലാതെയാക്കി തീർത്ത സർക്കാരിനെ ആയിരുന്നു. 
 
ഇതിനിടെ എറണാകുളം ജില്ലാ കളക്ടർ ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ യോഗം വിളിച്ചു കൂട്ടി. അന്ന് ചില യുണിയനുകളുടെ നേതാവായിരുന്നു എന്റെ സഹോദരൻ അഡ്വക്കേറ്റ് എം എം മാത്യു. യുണിയൻ നേതാവെന്ന നിലയ്ക്ക് മാത്യു ആ യോഗത്തിൽ പങ്കെടുത്ത് അടിയന്തരാവസ്ഥയിലെ ജനാധിപത്യ ധ്വംസനത്തെ പറ്റി നിശിതമായി വിമർശിച്ചുകൊണ്ട് സംസാരിച്ചു. യോഗം കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയപ്പോൾ മാത്യുവിന്റെ വീടിന് മുൻപിൽ പൊലീസുകാർ! അപ്പോൾ മുതൽ മാത്യു വീട്ട്തടങ്കലിൽ ആയി. 
 
പിന്നീട് എന്നെ അറസ്റ്റ് ചെയ്ത് എറണാകുളം കസബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  കോശി എന്ന സർക്കിൾ ഇൻസ്‌പെക്ടറും കുറച്ചു പോലീസുകാരും ചേർന്നാണ് എന്നെ അറസ്റ്റ് ചെയ്യാൻ വന്നത്. സ്റ്റേഷനിൽ എത്തി അൽപസമയം കഴിഞ്ഞപ്പോൾ മാത്യുവിനെയും അങ്ങോട്ട് കൊണ്ടുവന്നു. 
പിറ്റേന്ന് രാവിലെ ഞങ്ങളെ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിലിലായ ജ്യേഷ്ഠൻ എബ്രഹാം മടമാക്കൽ പണ്ട് കിടന്ന വിയൂർ സെൻട്രൽ ജയിലിൽ അങ്ങനെ ഞങ്ങളേയും തടവിലാക്കി. ഞങ്ങളെ കൂടാതെ കെ എൻ രവീന്ദ്രനാഥ്, ടി കെ രാമകൃഷ്ണൻ, തമ്പാൻ തോമസ്,  ആലുങ്കൽ ദേവസി, എ പി വർക്കി, പറമ്പിൽ ശ്രീധരൻ, ബി കെ ഗോപിനാഥ്, എം എം തോമസ്, അരങ്ങിൽ ശ്രീധരൻ, അഖിലേശ്വരൻ, എൻ ആർ തങ്കം, പാലക്കാട് നിന്നുള്ള ഉണ്ണി, പി ബി എസ്റ്റോസ്,  കെ എ മൊയ്‌തു, ഒല്ലൂർ വർഗീസ്, വടക്കാഞ്ചേരി പദ്മനാഭൻ, എം കെ കരുണാകരൻ, പി പി മുകുന്ദൻ, ഒ രാജഗോപാൽ, പി പരമേശ്വരജി, ആലപ്പാട്ട് പി ടി മാനുവൽ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളും കച്ചവടക്കാരും മറ്റും അറസ്റ്റ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിൽ തടങ്കലിലായി. 
 
 ഉദ്യോഗസ്ഥരും മന്ത്രി കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാരും സർക്കാരിന്റെ അധികാരം കയ്യാളുന്ന ആളുകൾ ആയി മാറി. അടിയന്തരവസ്ഥയുടെ സാഹചര്യം മുതലെടുത്തു പല ബിസിനസ്‌കാരിൽ നിന്നും അവർ പണം ഭീഷണിപെടുത്തി വാങ്ങുമായിരുന്നു. ആവശ്യപ്പെട്ട പണം നല്കാതിരുന്നാൽ അവരെ പിടിച്ചു ജയിലിൽ അടയ്ക്കും എന്നതായിരുന്നു രീതി.  അന്ന് കോൺഗ്രസ്കാരനായ സാഹിത്യകാരൻ പി കേശവദേവിന് ഒരു പുതിയ കാർ വാങ്ങി കൊടുക്കണമെന്ന് പി ടി മാനുവൽ (ആലപ്പാട്ട്  സ്വർണ്ണക്കച്ചവട സ്ഥാപനത്തിന്റെ ഉടമ പി ടി ആന്റണിയുടെ ഇളയ സഹോദരൻ)  എന്ന ബസിനെസ്സ്കാരനോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. ” ഏതാനും ദിവസങ്ങൾക്ക് മുൻപ് നല്ലൊരു തുക നല്കിയതാണല്ലോ. ഇപ്പോൾ അതിനൊരു കഴിവ് എനിക്കില്ല” എന്ന് പി ടി മാനുവൽ മറുപടി നൽകി. പിറ്റേ ദിവസം അദ്ദേഹവും ഞങ്ങൾ കിടന്ന ജയിലിൽ ആയി.! ജയിൽ വെച്ച് അദ്ദേഹത്തിന് വലിയ വിഷാദം പിടിപെട്ടു. വിഷാദം മൂർച്ഛിച്ച് മാനസിക വിഭ്രാന്തിയും അദ്ദേഹത്തിന് ഉണ്ടായി. അനിയൻ മാത്യുവാണ് മാനുവൽ ചേട്ടനെ ആശ്വസിപ്പിച്ചിരുന്നത്. അത്തരത്തിൽ ഒല്ലൂർക്കാരനായ ഒരു തടി വ്യാപാരിയെയും ഞങ്ങൾ കിടന്ന ജയിലിൽ പിടിച്ചു കൊണ്ടുവന്നു കിടത്തിയിരുന്നു.  
 
തടവിലാക്കപ്പെട്ട ഇവരിൽ ഭൂരിപക്ഷം പേരും ആദ്യമായിട്ടാണ് ജയിലിൽ എത്തുന്നത്.  ജയിൽ അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു അച്ചടക്കം പാലിച്ചു പോരുകയായിരുന്നു ഇവർ. 
അവരിൽ നിന്ന് വ്യത്യസ്തമായി ജയിൽ അനുഭവങ്ങൾ നേരത്തെ തന്നെ എനിക്ക് ഉണ്ടായിരുന്നു.  ആരും ക്രിമിനൽ കുറ്റം ചെയ്തു ശിക്ഷിക്കപ്പെട്ടവർ ആയിരുന്നില്ല. തടങ്കൽ തടവുകാർ (detenu) മാത്രമായിരുന്നു ഞങ്ങൾ.  ജയിൽ അധികാരികളുടെ അനാവശ്യമായ നിയമവിരുദ്ധ നിയന്ത്രണ നടപടികളെ അംഗീകരിക്കാൻ ഞാൻ കൂട്ടാക്കിയില്ല.   
 
ഒരു കുറ്റവും ചെയ്യാതെ തടവിലാക്കപെട്ട് കിടക്കുന്ന ഞങ്ങൾക്ക് ദിനപത്രം പോലും വായിക്കാൻ തന്നില്ല. ഒരു പത്രം ചിലപ്പോൾ തരും. അതും കൂട്ടം കൂടി വായിക്കാൻ പാടില്ല എന്നായിരുന്നു നിർദ്ദേശം. എല്ലാ മുറിയിലും പത്രം വേണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ട് വെച്ചു. അത് അംഗീകാരിച്ചു. കാലക്രമത്തിൽ ന്യൂസ് വീക്, ടൈം തുടങ്ങിയ വിദേശ മാസികകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയവ എല്ലാം പുറത്തു നിന്ന് അയച്ചു തരുവാൻ തുടങ്ങി. 
 
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തനം നടത്തുന്ന പ്രധാനപ്പെട്ടവർ തമ്മിൽ ജയിലിൽ വെച്ചു ചർച്ചയും വാദപ്രതിവാദങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ താത്വീക പ്രശ്നങ്ങളെ കുറിച്ചായിരുന്നു ചർച്ചകൾ. ചീട്ട് കളി, ചെസ്സ് മത്സരം, വോളിബോൾ, ബാറ്റ്മിൻറ്റൻ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ചെസ്സ് മത്സരത്തിൽ മിക്കവാറും രവീന്ദ്രനാഥ് ജയിക്കും. അനുജൻ മാത്യു ചെസ്സ് മത്സരത്തിൽ തോൽക്കും എന്ന ഘട്ടം വന്നാൽ കരുക്കൾ തട്ടി മറിച്ചു കളയും!. 
 
ഇതിനിടെ സ.എ കെ ജി യെ അറസ്റ്റ് ചെയ്ത് വിയ്യൂരിലേക്ക് കൊണ്ടുവന്നു. സ.സുശീലയേയും വിയൂരിലേക്ക് കൊണ്ടുവരണം എന്ന് എകെജി ആവശ്യപ്പെട്ടു.  ഉദ്യോഗസ്ഥർക്കെല്ലാം എ കെ ജിയെ വലിയ ഭയമായിരുന്നു. അങ്ങനെ എ കെ ജി യുടെ ആവശ്യപ്രകാരം സുശീലയെയും വിയ്യൂരിലേക്ക് കൊണ്ടുവന്നു.  ജയിലിലെ കായിക വിനോദങ്ങളിലും ചർച്ചകളിലും സജീവമായി എകെജി കൂടുമായിരുന്നു. പിന്നീട് അദ്ദേഹത്തെ അസുഖങ്ങൾ പിടിപെട്ട് എറണാകുളം ശ്രുശ്രുഷ നേഴ്‌സിങ് ഹോമിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായി.   ചികിത്സയുമായി ദീർഘകാലം ശ്രുശ്രുഷ നേഴ്‌സിങ് ഹോമിൽ തന്നെയായിരുന്നു. 
 
അടിയന്തിരവസ്ഥ തുടരാൻ കഴിയില്ല എന്ന അവസ്‌ഥയിലേക്ക് ഇന്ത്യൻ രാഷ്ട്രീയ സ്ഥിതി ഗതികൾ വളർന്നു. രണ്ടോ മൂന്നോ പേരെ വീതം ജയിലിൽ നിന്നും മോചിപ്പിക്കാൻ തുടങ്ങി. എല്ലാവരെയും വിട്ടയച്ച ശേഷം ഏറ്റവും ഒടുവിൽ ആണ് എന്നെ വിയ്യൂരിൽ നിന്നും മോചിപ്പിച്ചത്. അടിയന്തരവസ്ഥയിൽ ഏതാണ്ട് 17 മാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിൽ സ്‌പെഷ്യൽ ബ്ലോക്കിൽ ഞാൻ കിടന്നു. 
 
മോചിതനായ ശേഷം ശ്രുശ്രുഷ നേഴ്‌സിങ് ഹോമിൽ എത്തി ഞാൻ സ. എ കെ ജിയെ കണ്ടു. തോട്ടേക്കാട്ട് റോഡിൽ ഉള്ള എന്റെ വാടക വീടിന്റെ അടുത്തായിരുന്നു നേഴ്‌സിങ് ഹോം. ഇടയ്ക്കിടെ ഞാനും എന്റെ സഹോദന്മാരും ബന്ധുക്കളും കൂടാതെ മറ്റ് ചിലരും എ കെ ജി യെ ശ്രുശ്രുഷിക്കാൻ അവിടെ പോകുമായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 1977 മാർച്ച് 21ന് അടിയന്തരവസ്ഥ പിൻവലിച്ചു കൊണ്ട് ഉത്തരവ് വന്നു. അതിന്റെ പിറ്റേ ദിവസമാണ് സ.എ കെ ജി അന്തരിച്ചത്.

 
 

 

 

 

More Posts

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

ലോക് ഡൗണിൽ കുടുങ്ങി നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് ഇരുട്ടടി നൽകി അൺ എയിഡഡ് സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും : സ്കൂൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്കൂളുകൾ തുറക്കാതെ

പ്രേമചന്ദ്രാ… രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട് ; അത് ചന്തയിൽ വാങ്ങാൻ കിട്ടില്ല, സ്വയമുണ്ടായി വരണം: 24 ചാനൽ ചർച്ചയിൽ NK പ്രേമചന്ദ്രൻ എംപി നടത്തിയ നുണ പ്രസ്താവനയെ കുറിച്ച് – RJ സലിം

ആറു വർഷം മുൻപ് സ്വന്തം രാഷ്ട്രീയ നിലവാരം കാണിച്ചുകൊണ്ട് രായ്ക്കുരാമാനം ഇടതുപക്ഷത്തു നിന്ന് യൂഡിഎഫിലേക്ക് പോയ ആളാണ് പ്രേമചന്ദ്രൻ. അദ്ദേഹം കൊല്ലംകാർക്ക് പ്രിയങ്കരനാണ്, ഭേദപ്പെട്ട പാർലമെന്റേറിയനാണ് എന്നതൊക്കെ അംഗീകരിക്കുമ്പോഴും രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട്.

പിപിഇ കിറ്റ് വാങ്ങാനുള്ള കരാർ ഉറപ്പിക്കാൻ കൈക്കൂലി ; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻഡാൽ രാജിവച്ചു

പിപിഇ കിറ്റ്‌ വിതരണത്തിലെ കോഴവിവാദത്തിൽ കുടുങ്ങിയ ബിജെപി ഹിമാചൽപ്രദേശ്‌ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ബിൻഡാൽ രാജിവച്ചു. അഞ്ചു ലക്ഷം രൂപ കോഴ ചോദിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നതിനെ തുടർന്ന്‌ സംസ്ഥാന ആരോഗ്യസേവന ഡയറക്ടർ അജയ്‌ കുമാർ

Send Us A Message